ജനപ്രിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ കവസാക്കി ഇന്ത്യക്കായി പുത്തനൊരു അഡ്വഞ്ചർ ബൈക്കിനെ കൊണ്ടുവന്നിരിക്കുകയാണ്. റോയൽ എൻഫീൽഡ് ഹിമാലയനും ഹീറോ എക്‌സ്‌പൾസുമെല്ലാം അരങ്ങുവാഴുന്ന ഇവിടെ നിലനിൽക്കാൻ കവസാക്കിയ്ക്ക് ആകുമോയെന്ന് ഇനി കണ്ടറിയണം.
3.30 ലക്ഷം രൂപയാണ് KLX230 വാങ്ങാനായി നൽകേണ്ടത്. നിലവിൽ ഇന്ത്യയിൽ വിളിക്കുന്ന ഏറ്റവും ചെലവേറിയ ഡ്യൂവൽ സ്പോർട്സ് മോട്ടോർസൈക്കിൾ ആണ് ഇത്
ഡിസൈനിലേക്ക് നോക്കിയാൽ ഇതിനെ അഡ്വഞ്ചർ ബൈക്ക് എന്ന് വിളിക്കുന്നതിലും ചേർച്ച ഡ്യുവൽ സ്‌പോർട് മോട്ടോർസൈക്കിളെന്നാവും. വളരെ മെലിഞ്ഞ രൂപമാണുള്ളതെങ്കിലും ഒന്നാന്തരം നിർമാണ നിലവാരവും പരുക്കൻ ശൈലിയുമാണ് കവസാക്കി KLX230 പതിപ്പിനുള്ളത്. പ്ലാസ്റ്റിക് കൗളാൽ ചുറ്റപ്പെട്ട ഷഡ്ഭുജാകൃതിയിലുള്ള ഹെഡ്‌ലൈറ്റാണ് മുൻവശത്തെ ആകർഷണം. ഒപ്പം സീറ്റിനടിയിലേക്ക് ഉയർന്നിരിക്കുന്ന എക്‌സ്‌ഹോസ്റ്റും രസകരമാണ്.
ടൂറിംഗിന് പറ്റിയ രീതിയിലല്ല സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഓഫ്-റോഡിലും ട്രാക്കിലും അക്രമം കാണിക്കാനാണ് ബൈക്ക് പൂർണമായും പണികഴിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിളായതിനാൽ തന്നെ വളരെ ഭാരം കുറവാണ് ആശാന്. ഒപ്പം കുറഞ്ഞ പാർട്‌സുകളുമുള്ളതിനാൽ എവിടെയെങ്കിലും വീണാലും വാഹനത്തിന് എന്തെങ്കിലും പറ്റുമോയെന്ന ആശങ്കയും വേണ്ട.
ലൈം ഗ്രീൻ, ബാറ്റിൽ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളും കൂടിയാവുമ്പോൾ കവസാക്കിയുടെ പുത്തൻ മോഡൽ കാഴ്ച്ചയിലും രസകരമാവുന്നുണ്ട്. 8,000 ആർപിഎമ്മിൽ 18.1 bhp പവറും 6,400 ആർപിഎമ്മിൽ 18.3 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 233 സിസി എയർ കൂൾഡ് മോട്ടോറാണ് KLX230 ഡ്യുവൽ സ്പോർട്ട് ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.
താരതമ്യേന ചെറിയ ഫ്യുവൽ ടാങ്ക് ശേഷിയാണ് കക്ഷിക്കുള്ളത്. അതായത് വെറും 7.6 ലിറ്റർ ഇന്ധനം മാത്രമാണ് ഒരുതവണ പരമാവധി നിറക്കാനാവുന്നതെന്ന് സാരം. ആയതിനാൽ ടൂറിംഗിനൊന്നും പറ്റത്തേയില്ല. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് 240 മില്ലീമീറ്റർ ട്രാവലുള്ള 37 mm ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ 250 മില്ലീമീറ്റർ ട്രാവൽ സൗകര്യമുള്ള മോണോഷോക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു മോണോടോൺ എൽസിഡി ഡിസ്‌പ്ലേയോടെയാണ് കവസാക്കി KLX230 വരുന്നത്. ഫ്രണ്ട്, റിയർ ഡിസ്‌ക് എന്നിവ ഇതിൻ്റെ ബ്രേക്കിംഗ് സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. സ്വിച്ചബിൾ ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായവും മോട്ടോർസൈക്കിളിലുണ്ട്. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ സ്‌പോക്ക് വീലുകളുമായി വരുന്ന മോഡലിന് 843 mm സീറ്റ് ഹൈറ്റ്, 239 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കൂടിയാവുമ്പോൾ കട്ട ഓഫ്-റോഡർ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടേക്കാം.
പ്രധാന എതിരാളിയായ ഹീറോ എക്‌സ്‌പൾസ് 400V മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കവസാക്കി KLX230 ഇരട്ടി വിലയുള്ളതാണ്. വിലയും പരിമിതമായ സർവീസ് ശൃംഖലയും വിൽപ്പന കാര്യമായി കൊണ്ടുവരാൻ സാധ്യതയൊന്നും കാണുന്നില്ല. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന മോഡൽ W 175 റെട്രോയാണ്. അതിന് ശേഷമായാണ് KLX230 സ്ഥാനംപിടിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.