India

പൊലീസുകാരിയും യുവാവും തടാകത്തില്‍ മരിച്ച നിലയില്‍; എസ് ഐയെ കാണാനില്ല, ദുരൂഹത

വനിതാ പൊലീസ് കോണ്‍സ്റ്റബിളിനേയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിനേയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിൽ മരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും തടാകത്തിൽ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചിൽ ആരംഭിച്ചു.

ഈ എസ്ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയിൽ നിന്നും കണ്ടെത്തി. എസ്ഐയുടെ ഫോണ്‍, കാര്‍, പഴ്സ് തുടങ്ങിയവയാണ് കണ്ടെത്തിയത്. തെലങ്കാനയില്‍ ഉണ്ടായ സംഭവത്തില്‍ ദുരൂഹത തുടരുന്നു.

തെലങ്കാന ബിബിപേട്ട് പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്നൂർ പൊലിസ് സ്റ്റേഷനിലെ എസ്ഐ സായി കുമാറിനെ ആണ് കാണാതായത്. ഇതേ തടാകത്തിൽ മുങ്ങിമരിച്ചെന്നാണ് സംശയിക്കുന്നത്.

ഇന്ന് രാവിലെ ശ്രുതിയുടെയും നിഖിലിന്‍റെയും മൃതദേഹം കണ്ടത്. തുടര്‍ന്നാണ് തടാകത്തിൽ തെരച്ചിൽ ആരംഭിച്ചത്. എസ്ഐ സായ്കുമാറിന് വേണ്ടിയുള്ള തെരച്ചിൽ തടാകത്തിൽ തുടരുകയാണ്. സംഭവത്തിൽ ദുരൂഹതയേറുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.