Kerala

ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍: ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍

ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സര്‍ദാറിന്റെ ഭാര്യ സാമ്പയേയും (20) നവജാതശിശുവിനേയും ദുര്‍ഘടമായ വനപാതയില്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് രക്ഷപ്പെടുത്തി. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം സാമ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സായ സുദിനയെ വിവരം അറിയിച്ചു. നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രത്തില്‍ ഉടന്‍ എത്തിച്ചേരാന്‍ അവരോട് നിര്‍ദേശിക്കുകയും മെഡിക്കല്‍ ഓഫീസറും ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്ഷ്മിയുടെ നിര്‍ദേശ പ്രകാരം സുദിനയും നഴ്സിംഗ് അസിസ്റ്റന്റ് ജാനകിയും ആശുപത്രിയില്‍ പ്രസവം എടുക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. അതിനിടെ സാമ്പയും സര്‍ദാറും ജീപ്പില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അവരോടൊപ്പം ഫാര്‍മസിസ്റ്റ് മിദിലാജും അനുഗമിച്ചു.

എന്നാല്‍ ദുര്‍ഘടം പിടിച്ച യാത്രയില്‍ ആശുപത്രിയില്‍ എത്തും മുന്നേ യുവതി കുഞ്ഞിന് ജന്മം നല്‍കി. വളരെ പെട്ടെന്ന് സുരക്ഷിതരായി നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രത്തില്‍ അവരെ എത്തിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സുദിനയും നഴ്സിംഗ് അസിസ്റ്റന്റ് ജാനകിയും പരിചരണത്തിനായി സജ്ജരായി നിന്നു. പ്രാഥമിക പരിശോധനയില്‍ യുവതിയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത സാഹചര്യമാണെന്നും മനസിലാക്കി. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ജീപ്പില്‍ വച്ച് തന്നെ പൊക്കിള്‍ക്കൊടി മുറിക്കുകയും മറ്റ് പരിചരണങ്ങള്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാനായി കൈകാട്ടിയില്‍ നിന്നും സുദിനയും ജാനകിയും അവരോടൊപ്പം അനുഗമിച്ചു. കൈകാട്ടി ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ യാത്രാമദ്ധ്യേ ഒരു ആന ജീപ്പ് തടഞ്ഞു. പുറകോട്ട് വാഹനം എടുക്കാനായി നോക്കിയപ്പോള്‍ വഴിയില്‍ കാട്ടു പോത്തും തടസം സൃഷ്ടിച്ചു. അവിടെ നിന്നും മുന്നോട്ട് പോകുവാന്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചറുടെ സഹായം തേടി. ഏകദേശം 2 മണിക്കൂര്‍ വന്യമൃഗങ്ങള്‍ക്കിടയില്‍ അവര്‍ കാട്ടില്‍ കുടുങ്ങി. ഈ സമയമത്രയും അമിത രക്തസ്രാവം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും ശുശ്രൂഷയും ഉള്‍പ്പെടെയുള്ളവ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കിക്കൊണ്ടിരുന്നു.

മുലയൂട്ടല്‍ തുടരാനും ഡോക്ടര്‍ സുദിനയോട് നിര്‍ദ്ദേശിച്ചു. ഇത് അമ്മയ്ക്ക് പ്രസവാനന്തരം ആവശ്യമായ ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിനും രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ അവസ്ഥയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നതിനും സഹായിച്ചു. ഫോറസ്റ്റ് റേഞ്ചറുടെ സഹായത്തോടെ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിച്ച് അമ്മയെയും കുഞ്ഞിനെയും നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ സാധിച്ചു. അവിടെ ഡോ. ലക്ഷ്മിയും ആശുപത്രിയിലെ സംഘവും അമ്മയ്ക്കും കുഞ്ഞിനും വേണ്ട മറ്റ് പരിചരണങ്ങള്‍ ഉറപ്പുവരുത്തി. അതിനുശേഷം വിദഗ്ദ പരിചരണത്തിനായി ഇരുവരേയും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും അവിടെ സുഖമായിരിക്കുന്നു.

CONTENT HIGH LIGHTS: 2 hours waiting for life of mother and baby between elephant and wild buffalo: Health workers lead by example on Christmas night