Kerala

അതുല്യപ്രതിഭയുടെ വേര്‍പാട് മലയാളികള്‍ക്ക് എന്നും തീര്‍ത്താല്‍ തീരാത്ത നഷ്ടം: എം ടി യെ അനുശോചിച്ച് കെ ബി ഗണേഷ് കുമാര്‍

അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഭാരതപ്പുഴയുടെ, വള്ളുവനാടിന്റെയെല്ലാം ഭംഗി ആവോളം തന്റെ സൃഷ്ടികളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ അതുല്യപ്രതിഭയുടെ വേര്‍പാട് മലയാളികള്‍ക്ക് എന്നും തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

മലയാള സാഹിത്യത്തിനും മലയാള സിനിമാ ലോകത്തിനും ഒരുപോലെ മികച്ച സംഭാവന നല്‍കി ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മലയാളത്തിന്റെ അക്ഷരസുകൃതമാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഇന്നലെയാണ് അന്തരിച്ചത് . 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സംവഭവിച്ചത്.

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി വാസുദേവൻ നായർ.