Business

വ്യവസായ ഭീമൻമാർ ഒന്നിയ്ക്കുന്നു; 50 കോടിയുടെ കരാർ ഒപ്പിട്ട് അദാനിയും റിലയൻസും; നേട്ടം നിക്ഷേപകർക്ക് ? | gautam adani and mukesh ambani

കരാർ പൂർത്തിയാക്കുന്നതോടുകൂടി റിലയൻസ് ഇൻഡസ്ട്രീസിന് 500 മെ​ഗാവാട്ട് വൈദ്യുതി ഉപയോഗിക്കാൻ സാധിക്കും

ഇന്ത്യൻ വ്യവസായ ഭീമൻമാരായ റിലയൻസും അദാനിയും പ്രത്യേകം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്തവരാണ്. ഇരു ധ്രുവങ്ങളിൽ നിന്ന് ശക്തി കാണിക്കുന്ന ഇരുവരും ഒന്നിച്ചാൽ എന്ത് ചെയ്യും? മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിൽ ഒരു കരാർ ഒപ്പിട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 50 കോടിയുടെതാണ് കരാർ. അദാനി പവറിന്റെ കീഴിലുള്ള മഹാൻ എനർജൻ ലിമിറ്റഡിന്റെ 20% ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തമാക്കും. കോർപ്പറേറ്റീവ് രംഗത്തെ ഏറ്റവും പ്രധാന ഡീലുകളിൽ ഒന്നാണ് നടന്നിരിക്കുന്നത്. കരാർ പൂർത്തിയാക്കുന്നതോടുകൂടി റിലയൻസ് ഇൻഡസ്ട്രീസിന് 500 മെ​ഗാവാട്ട് വൈദ്യുതി ഉപയോഗിക്കാൻ സാധിക്കും. മഹാൻ എനർജന്റെ മധ്യപ്രദേശ് ആസ്ഥാനമായുള്ള പവർ പ്ലാന്റ് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് റിലയൻസിന് ഉപയോഗിക്കാനായി നൽകാൻ പോകുന്നത്.

മഹാൻ എനർജൻ്റെ അഞ്ചു കോടി ഓഹരികളാണ് റിലയൻസ് വാങ്ങുക. ഓരോന്നിനും 10 രൂപയായിരിക്കും മുഖവില. 50 കോടി രൂപയാണ് നിക്ഷേപം. 2005 ലെ വൈദ്യുതി നിയമ പ്രകാരം സ്വന്തം ഉപയോഗത്തിനായി അനുവദിച്ചിരിക്കുന്ന പരിധിയിൽ കൂടുതൽ വൈദ്യുതി വേണ്ടി വരുന്ന കമ്പനികൾ ഒരു ഊർജ കമ്പനിയിൽ കുറഞ്ഞത് 26 ശതമാനം ഓഹരികൾ വാങ്ങിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

20 വർഷത്തെ കരാറാണ് അദാനി പവറുമായി റിലയൻസ് ഒപ്പിടുന്നത്. ഈ കാലയളവിൽ അദാനി പവറൽ നിന്നുള്ള ദീർഘകാല വൈദ്യുതി വിതരണം കമ്പനി ലക്ഷ്യമിടുന്നു. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും റിലയൻസിൻ്റെ പെട്രോകെമിക്കൽ, റിഫൈനിംഗ് കോംപ്ലക്സുകൾക്ക് പുതിയ കരാർ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും. ഒരുമിച്ചുള്ള ബിസിനസ് സഹകരണവും കരാറുകളും ഇരുകൂട്ടർക്കും നേട്ടമാകും. അംബാനിയുടെ സാമ്രാജ്യം എണ്ണ, വാതകം, ടെലികോം, റീട്ടെയിൽ എന്നീ മേഖലകളിൽ വ്യാപിച്ചിരിക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖം, പുനരുപയോഗ ഊർജം, പോർട്ട് തുടങ്ങി വിവിധ മേഖലകളിൽ അദാനിയുടെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു.

സോളാർ പാനലുകൾ, ബാറ്ററികൾ, ഗ്രീൻ ഹൈഡ്രജൻ, ഇന്ധന സെല്ലുകൾ എന്നിവയ്ക്കായി ഗുജറാത്തിൽ റിലയൻസ് നാല് ഗിഗാഫാക്‌ടറികൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഊർജോൽപാദന രംഗത്തെ അദാനിയുടെ മുന്നേറ്റം ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ് റിലയൻസ്. 2030-ഓടെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ ഉൽപ്പാദകരാകാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ‌സോളാർ മൊഡ്യൂളുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ എന്നിവയ്‌ക്കായി അദാനി മൂന്ന് ജിഗാഫാക്‌ടറികൾ വികസിപ്പിക്കുകയാണ്.

കരാർ ഒപ്പിട്ട വാ‍‍ർത്തകൾക്ക് ശേഷം അദാനി പവ‍ർ ഓഹരികളിൽ മുന്നേറ്റം. ഉച്ചയോടെ രണ്ടു ശതമാനം ഉയർന്ന് 505.95 രൂപയിലാണ് ഓഹരി വില. 52 ആഴ്ചയിലെ ഉയർന്ന വില 895.85 രൂപയാണ്. താഴ്ന്ന വില 432 രൂപയും.