മലയാളികളുടെ പ്രിയകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി, കലാ-സാഹിത്യ- സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നമ്മള്‍ അര്‍പ്പിച്ച് പ്രിയ എം.ടിയ്ക്കായിരുന്നു. അനാരോഗ്യം കാരണം പുസ്തകോത്സവത്തില്‍ നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന്, പുരസ്‌കാരം സമര്‍പ്പിച്ച് ആദരിക്കുകയാണ് അന്നുണ്ടായത്.
അദ്ദേഹത്തെ പുരസ്‌കരിക്കുന്നതിലൂടെ നിയമസഭയും പുസ്തകോത്സവും മൂല്യവത്തായി എന്ന തോന്നലാണുണ്ടായത്. കൂടല്ലൂര് മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലെ വാസുദേവന്‍ നായര്‍, എല്ലാ മലയാളികള്‍ക്കും എം.ടി ആയിരുന്നു. പ്രായഭേദമന്യേ എല്ലാവരും സ്‌നേഹബഹുമാനങ്ങളോടെ അദ്ദേഹത്തെ എം.ടി എന്ന് വിളിച്ചു. മലയാള ചെറുകഥയുടെയും നോവലിന്റെയും സിനിമയുടെയും ഭാവുകത്വപരിണാമത്തില്‍ വലിയ സ്വാധീനശക്തിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയേയും മലയാളിസമൂഹത്തിന്റെ ദശാപരിണാമങ്ങളെയും അവതരിപ്പിച്ച എം.ടി കഥകളില്‍ നമ്മള്‍ നമുക്ക് ചുറ്റുമുള്ളതും നമ്മുടെ തന്നെയും ജീവിതങ്ങള്‍ കണ്ടു.
സമൂഹത്തില്‍ തിരസ്‌കൃതരാകുന്ന വ്യക്തികളെ കൂടി സ്‌നേഹിക്കാന്‍ അദ്ദേഹത്തിന്റെ കൃതികളും അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന സിനിമകളും നമ്മെ പഠിപ്പിച്ചു. അപ്പുവിന്റെയും സേതുവിന്റെയും വെളിച്ചപ്പാടിന്റെയും ചന്തുവിന്റെയും പെരുന്തച്ചന്റെയും അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങള്‍ നമ്മള്‍ ഉള്ളാലെ ഏറ്റുവാങ്ങി. ഏറ്റവും സൂക്ഷ്മതയോടെയും തികവോടെയുമുള്ള വിഷയ പരിചരണം അദ്ദേഹത്തെ അനന്യനാക്കുന്നു. തുഞ്ചന്‍ പറമ്പിനെ സാംസ്‌കാരിക- സാഹിത്യ ഉത്സവത്തിന്റെ കേന്ദ്രമാക്കുന്നതില്‍ എം.ടി വഹിച്ച പങ്ക് എക്കാലത്തും അനുസ്മരിക്കപ്പെടും. പ്രിയകഥാകാരന്റെ നവതി കേരളമൊന്നായി ആഘോഷിച്ചത് അദ്ദേഹത്തിനോടുള്ള സ്‌നേഹത്തിന്റെ തെളിവായിരുന്നു. ഒരു ഇതിഹാസ കഥ പോലെ, അദ്ദേഹം അനശ്വരനായിരിക്കും. എം.ടിയ്ക്ക് നിറഞ്ഞ സ്‌നേഹത്തോടെ..
CONTENT HIGHLIGHTS; He will be immortal like an epic story: MT. Speaker AN Shamseer condoled the demise of Vasudevan Nair