എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് കവി വി. മധുസൂദനന് നായര്‍. മലയാളത്തിൻ്റെ പ്രാണൻ നിലച്ചുപോയ അനുഭവമാണ് ഉണ്ടാക്കുന്നതെന്നും നമുക്കിത് വിലാപ കാലമാണെന്നും എംടി മറഞ്ഞു പോകില്ലെന്നും കവി മധുസൂദനൻ നായർ അനുസ്മരിച്ചു. എംടി മലയാളത്തിൻ്റെ സിരകളിൽ പ്രാണ ചൈതന്യമായി ഇനി ഉദിച്ചു നിൽക്കുമെന്നും അദ്ദേഹത്തിൻ്റെ വാത്സല്യം പുറമേക്ക് തുളുമ്പി പോകുന്നതല്ലെന്നും വി. മധുസൂദനൻ നായർ പറഞ്ഞു. താനറിയാത്ത ചെറുപ്പക്കാരെ പോലും എഴുത്തുകാരാക്കി വളർത്തിയ ആളാണ് എം.ടി. വാസുദേവൻ നായരെന്നും കവി വി. മധുസൂദനൻ നായർ അനുസ്മരിച്ചു.
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ ഇന്നലെയാണ് അന്തരിച്ചത് . 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സംവഭവിച്ചത്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി വാസുദേവൻ നായർ.