Kerala

എം ടിക്ക് വിട നൽകാനൊരുങ്ങി കേരളം, സിതാരയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ; അന്ത്യദർശനം തുടരുന്നു

എം.ടി വാസുദേവൻ നായർക്ക് വിട നല്‍കാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ സിതാരയില്‍ അന്ത്യദർശനം പുരോഗമിക്കുകയാണ്. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ വൈകീട്ട് അഞ്ച് മണിക്കാണ് സംസ്കാരം. രാത്രി പന്ത്രണ്ടുമണിയോടെയാണ് എംടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് സിതാരയിലേക്ക് കൊണ്ടുവന്നത്. വീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു.

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഇന്നലെയാണ് അന്തരിച്ചത് . 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സംവഭവിച്ചത്.

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി വാസുദേവൻ നായർ.