Lifestyle

കുഞ്ഞു ചർമം പൊന്നുപോലെ നോക്കാം ; നവജാതശിശുക്കളിലെ ചർമ സംരക്ഷണം

കുടുംബത്തിലേക്ക് പുതിയ ഒരു അംഗം വരുന്നത് ആദ്യമായി അമ്മയും അച്ഛനും ആകുന്നവർക്ക് സന്തോഷത്തോടൊപ്പം പരിഭ്രാന്തിയുടെയും സമയമായിരിക്കും. പണ്ട് കാലങ്ങളിലെതു പോലുള്ള മണിക്കൂറുകൾ നീണ്ട തേച്ചു കുളിയും എണ്ണ തേപ്പും ഒന്നും തന്നെ നവജാത ശിശുക്കൾക്ക് വേണ്ട എന്നാണ് ചർമ്മരോഗ വിദഗ്ധർ പറയുന്നത്. അല്പം എണ്ണ തടവി വീര്യം കുറഞ്ഞ സോപ്പ് കൊണ്ട്  വളരെ പെട്ടെന്ന് കഴുകി മൃദുലമായ ടവൽ കൊണ്ട് ഒപ്പി എടുക്കാനും, അനുയോജ്യമായ മണവും നിറവും ഇല്ലാത്ത മോയ്സ്ചറൈസർ പുരട്ടാനുമാണ് അവർ നിർദേശിക്കുന്നത്. നവജാത ശിശുക്കളുടെ ചർമം  വളരെ നേർത്തതും മൃദുലവും ആണ്. കട്ടി കുറഞ്ഞ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുന്നതിനും വരൾച്ച തടയുന്നതിനും മോയ്സ്ചറൈസറുകളുടെ ഉപയോഗം സഹായിക്കും.

സാധാരണയായി നവജാത ശിശുക്കളിൽ ചർമ്മത്തിൽ കാണുന്ന ചെറിയ കുരുക്കളും ചുവപ്പും പേടിക്കേണ്ടതില്ലെങ്കിലും, ദിവസം പ്രതി  വ്യാപിക്കുന്നതായ കുരുക്കളോ തടിപ്പുകളോ കാണുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. കുഞ്ഞുങ്ങളിലെ പനിയും ദ്രാവകം ഒരുക്കുന്നതായ തണർപ്പുകളും കുരുക്കളും അണുബാധയുടെ ലക്ഷണം ആയേക്കാം. മറ്റേതെങ്കിലും അസുഖങ്ങൾ കാരണം ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്ന ശിശുക്കളിൽ  ഫംഗൽ ഇൻഫെക്ഷന് സാധ്യതയുണ്ട്.

ശരീരത്തിലെ നല്ലതും ചീത്തതുമായ  ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ ക്രമക്കേടിൽ ആകുന്നതും  ഈസ്റ്റ് വളർച്ച അധികമാകുന്നതുമാണ് ഇതിനു കാരണം. അമിത വരൾച്ചയും ചർമം പൊളിഞ്ഞു ഇളകുന്നതും എക്സ്മ പോലുള്ള രോഗങ്ങളാണോ എന്ന് ചർമാരോഗ വിദഗ്ധരെ കണ്ട് പരിശോധിക്കേണ്ടതാണ്.