പുതിയ സ്ഥലങ്ങൾ കാണുക, അവിടെയുള്ള ആളുകളുമായി സൗഹൃദങ്ങൾ സ്ഥാപിക്കുക, അവരുടെ സംസ്കാരം മനസ്സിലാക്കുക, ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങി യാത്രകൾ കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. എന്നാൽ കയ്യിലുള്ള കാശ് എല്ലാം മുടക്കി ഇങ്ങനെ സർക്കീട്ട് നടത്താൻ വട്ടാണോ എന്നുവരെ പലരും ചോദിക്കാറുണ്ട്. അങ്ങനെ പറയുന്നവർ ഒരു നിമിഷം ഒന്ന് ശ്രദ്ധിക്കണേ… ദീർഘായുസ്സിന് മാത്രമല്ല മാനസികവും ശാരീരികവുമായ സന്തോഷം നൽകുന്ന ഒന്നാണ് യാത്ര എന്ന് പറയുന്നത്. ഇത് വെറുതെ പറയുന്നത് അല്ല, പഠനങ്ങൾ തെളിയിച്ചതാണ്. പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നതും വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുന്നതും മനസ്സിന് മാത്രമല്ല ശരീരത്തിനും സുഖം പകരും. പുതിയ സ്ഥലങ്ങൾ കണ്ടെത്തി അവിടെയൊക്കെ യാത്ര പോകുന്നവർ മറ്റുള്ളവരെ അപേക്ഷിച്ചു ആത്മവിശ്വാസം കൂടുതലുള്ളവർ ആയിരിക്കും. കാരണം പുതിയ ഒരു സ്ഥലം മാത്രമല്ല യാത്ര ചെയ്യുന്നവർ പരിചയപ്പെടുന്നത് പുതിയ ആളുകളെയും പുതിയ സംസ്കാരത്തെയും പുതിയ ഭക്ഷണരീതിയും കൂടിയാണ് ഇതെല്ലാം ആ വ്യക്തിയുടെ ആരോഗ്യത്തെ വളരെ പോസിറ്റീവായ രീതിയിലാണ് ബാധിക്കുന്നത്. അതുകൊണ്ട് യാത്ര ചെയ്യുന്നത് വെറുതെ ആകില്ല. അത് ഒരേസമയം മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുകയും ചെയ്യും.
പ്രതിരോധശക്തി വർധിപ്പിക്കും
യാത്ര ചെയ്യുന്നവർ ഒരിക്കലും ഒരേ രീതിയിലുള്ള കാലാവസ്ഥയിലൂടെ അല്ല സഞ്ചരിക്കുന്നത്. വ്യത്യസ്തമായ കാലാവസ്ഥകളിലൂടെ ആയിരിക്കും പല ദേശങ്ങളിലൂടെയും അവർ യാത്ര നടത്തുന്നത്. അങ്ങനെയുള്ളവർക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. യാത്ര ചെയ്യുമ്പോൾ ശരീരത്തിൽ കുറച്ച് അഴുക്കൊക്കെ പറ്റും. ചിലപ്പോൾ ചെറിയ ചില അസുഖങ്ങളും പിടിപെടും. എന്നാൽ ഇതെല്ലാം തന്നെ ആ ആളുടെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പലസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ശരീരത്തിന് വിവിധ ബാക്ടീരിയകളുമായി പൊരുത്തപ്പെടാനുള്ള അവസരം കൂടിയാണ് നൽകുന്നത്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തിയെ വർധിപ്പിക്കുകയും സാധാരണ രോഗങ്ങൾ വരുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
മാനസിക പിരിമുറുക്കത്തിന് ബൈ ബൈ
മനസ്സിൽ ഒരുപാട് പ്രശ്നങ്ങൾ ഉള്ളവർ ആയിരിക്കും പലരും. ഒരു ദിവസം ഉണരുന്നത് തന്നെ ഇന്നത്തെ ദിവസം എങ്ങനെയൊക്കെ തള്ളിനീക്കാം എന്ന് ചിന്തിച്ചു കൊണ്ടായിരിക്കാം. എന്നാൽ നിങ്ങൾ ഒരു യാത്രയിൽ ആണെങ്കിൽ അതൊരു സാധാരണ ദിവസം പോലെ ആയിരിക്കില്ല. കാലാവസ്ഥയിലും ചുറ്റുപാടുകളിലും ദിനചര്യങ്ങളിലുമൊക്കെ മാറ്റം ഉണ്ടാകും. എന്നാൽ ഇതെല്ലാം തന്നെ മനസ്സിനെ വളരെ പോസിറ്റീവായാണ് ബാധിക്കുന്നത്. വളരെ മനഃശാന്തി അനുഭവപ്പെടുന്നതിനൊപ്പം വലിയ ഉത്കണ്ഠകളിൽ നിന്നും നിങ്ങൾക്ക് അകന്നുനിൽക്കാൻ സാധിക്കും. കാരണം പതിവു കാര്യങ്ങളിൽ നിന്ന് ഒരു അവധിയെടുത്താണ് നമ്മൾ ഒരു യാത്രയ്ക്ക് പോകുന്നത്. അതുകൊണ്ടുതന്നെ നല്ല ഒരു മൂഡ് ആയിരിക്കും ആ യാത്ര നൽകുന്നത്. നമ്മുടെ മനോഭാവത്തിന് തന്നെ മാറ്റമുണ്ടാകുമ്പോൾ അത് നമ്മുടെ ശരീരത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും. പുതിയ സ്ഥലങ്ങളിലേക്ക് എത്തപ്പെടുമ്പോഴും പുതിയ ആളുകളെ പരിചയപ്പെടുമ്പോഴും പുതിയ സംസ്കാരങ്ങൾ അനുഭവിക്കുമ്പോഴും നല്ല ഭക്ഷണങ്ങൾ കഴിക്കുമ്പോഴും നമുക്ക് ഉണ്ടായിരുന്ന ആ മാനസിക പിരിമുറുക്കം അയഞ്ഞ് ഇല്ലാതാകും.
വിഷാദരോഗം ഉണ്ടാവില്ല
ഇന്നത്തെ കാലത്ത് പല ആളുകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വിഷാദരോഗം. തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും സമൂഹത്തിൽ നിന്നുള്ള സമ്മർദങ്ങളും കുടുംബത്തിൽ ഉണ്ടാകുന്ന താളപ്പിഴകളും എല്ലാം വിഷാദരോഗത്തിന് കാരണമാകാം. എന്നാൽ പതിവായി ഇടപെടുന്ന സ്ഥലങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കുറച്ചു ദിവസങ്ങൾ മാറി നിൽക്കുമ്പോൾ മാനസികമായി വലിയ മാറ്റങ്ങൾ അതു കൊണ്ടുവരും.
തലച്ചോറിന്റെ ആരോഗ്യം
ഓരോ യാത്രയും ഓരോ പഠന ബുക്ക് തന്നെയാണ്. പല യാത്രകളും നമ്മളെ പഠിപ്പിക്കുന്നത് പല കാര്യങ്ങളാണ്. നിങ്ങളുടെ ബന്ധങ്ങളും ലോകത്തെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും എല്ലാം ഒരൊറ്റ യാത്ര കൊണ്ട് തന്നെ വിശാലമായിത്തീരും. പുതിയ സ്ഥലത്തേക്ക് എത്തുമ്പോൾ, അവിടെ നമ്മൾ പുതിയ ഒരുപാട് പേരെ കാണുകയാണ്. അവരുടെ ലോകം എന്താണെന്ന് മനസ്സിലാക്കുകയാണ്. അവരുടെ സംസ്കാരം അനുഭവിച്ചറിയുകയാണ്. ഇത് ലോകത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കുന്നു. ഓരോ പുതിയ അറിവുകളും നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഹൃദയത്തെ സ്ട്രോങ്ങ് ആക്കും
അവധിക്കാലങ്ങൾ ആഘോഷമാക്കുന്നവരും എന്നാൽ അതിനു വലിയ പ്രാധാന്യം കൊടുക്കാത്തവരുമുണ്ട്. ഈ രണ്ടുപേരുടെയും ഹൃദയാരോഗ്യങ്ങളിൽ വലിയ വ്യത്യാസമുണ്ട്. അതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഉത്തരം വളരെ ലളിതമാണ്. യാത്ര ചെയ്യുമ്പോൾ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അത് മെച്ചപ്പെടുത്തുകയാണ്. ട്രക്കിംഗ് പോലുള്ള സാഹസിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ അത് ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ വരുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഇതൊന്നും ചെയ്യാതെ ജോലിയിൽ തന്നെ മുഴുകിയിരിക്കുന്നവർ അവരുടെ ആരോഗ്യത്തെ കൂടിയാണ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്.
ദീർഘായുസ്സിനുള്ള ഒറ്റമൂലി
സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ആയുസ് കൂടുതൽ ആയിരിക്കും. യാത്ര ഏതു തരത്തിലുള്ളതുമാകട്ടെ. ചിലർ സാഹസികയാത്ര പോകുമ്പോൾ മറ്റ് ചിലർ തീർത്ഥാടനങ്ങൾ ആയിരിക്കും ഇഷ്ടപ്പെടുന്നത്. യാത്രയുടെ സ്വഭാവം ഏതായാലും അത് സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തെ കൂടുതൽ ഉത്സാഹഭരിതമായി നിലനിർത്തുകയും ചെയ്യുന്നു. ഇത്രയും ഗുണങ്ങൾ യാത്രയിലൂടെ ലഭിക്കുന്നതിനാൽ അത് ദീർഘായുസിന് കാരണമാകുകയും ചെയ്യുന്നു.
സന്തോഷവും സംതൃപ്തിയും
ടൂർ പോകുന്നതിന്റെ തലേദിവസം ഉറങ്ങാതെ കിടന്നിരുന്ന ഒരു കുട്ടിക്കാലം എല്ലാവർക്കും ഉണ്ട്. കാരണം യാത്ര പോകാൻ ഒരുങ്ങുമ്പോൾ ലഭിക്കുന്ന സന്തോഷം അളവറ്റതാണ്. പുതിയ സ്ഥലങ്ങൾ കാണുമ്പോഴും പുതിയ അനുഭവങ്ങൾ ഉണ്ടാകുമ്പോഴും ഉള്ള എക്സൈറ്റ്മെന്റ് പുതിയ വസ്ത്രം വാങ്ങുമ്പോൾ, സ്വർണം വാങ്ങുമ്പോൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഭൗതികമായ വസ്തുക്കൾ വാങ്ങുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയായിരിക്കും. ഒരു നിമിഷത്തേക്ക് ആയിരിക്കില്ല ഈ ഉത്സാഹം. യാത്ര പ്ലാൻ ചെയ്യുന്ന സമയം മുതൽ അത് അവസാനിക്കുന്ന സമയം വരെയും ഉത്സാഹം തന്നെയാവും നിങ്ങളെ മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുന്നത്. യാത്രയ്ക്ക് ശേഷമാണെങ്കിൽ യാത്രയിൽ ഉണ്ടായ അനുഭവങ്ങൾ ഓർക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് സന്തോഷവും സമാധാനവും എത്തിച്ചേരും. ചുരുക്കത്തിൽ ഓരോ യാത്രയും മനസ്സിനും നൽകുന്ന സന്തോഷവും സംതൃപ്തിയും ഉത്സാഹവും അളവറ്റതാണ്.
ഹെൽത്തി ആയിരിക്കാം
സ്ഥിരമായി യാത്ര ചെയ്യുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ ? അവർക്ക് ആരോഗ്യം കൂടുതലായിരിക്കും. ഓഫീസിൽ മണിക്കൂറുകളോളം ഒരേ ഇരിപ്പിരുന്ന് ജോലി ചെയ്യുന്നവരിൽ നിന്നും വ്യത്യസ്തമായി ഇവർ ആരോഗ്യമുള്ളവരായിരിക്കും. പലരും വിചാരിക്കുന്നതിന് വിപരീതമായി യാത്ര ചെയ്യുമ്പോൾ ശരീരം കൂടുതൽ കരുത്തുള്ളതായും ആരോഗ്യമുള്ളതായും തീരുന്നുണ്ട്. യാത്രയിൽ കൂടുതൽ നടക്കുകയും കഠിനധ്വാനങ്ങളിൽ ഏർപ്പെടേണ്ടി വരികയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. സാഹസിക യാത്രകൾ ആണെങ്കിൽ ഇരട്ടിയാണ് ഗുണം.
യാത്രകൾ ചെയ്യാൻ മടിയുള്ളവർ, അല്ലെങ്കിൽ അതിനു പ്രധാന്യം കൊടുക്കാത്തവർ ഒരു യാത്ര പോയി നോക്കൂ.. അത് നിങ്ങളെ ഒരു പുതിയ മനുഷ്യനാക്കി മാറ്റും.