ശക്തമായ മത്സരം നിലനില്‍ക്കുന്ന മേഖലയാണ് ക്വിക് കൊമേഴ്‌സ്. ഇപ്പോൾ
ക്വിക് കൊമേഴ്‌സ് മേഖലയില്‍ കടുത്ത മത്സരവുമായി കമ്പനികള്‍ രംഗത്ത് ഇറങ്ങുകയാണ്. സ്വിഗ്ഗ്വി ഇന്‍സ്റ്റമാര്‍ട്ട്, സെപ്‌റ്റോ, ബ്ലിങ്കിറ്റ് എന്നിവയുടെ ആധിപത്യം തകര്‍ത്ത് ആമസോണ്‍ കൂടി എത്തിയതോടെയാണ് മത്സരം കടുത്തത്. ആമസോണ്‍ ഇന്ത്യയുടെ വാര്‍ഷിക പരിപാടിയില്‍ കണ്‍ട്രി മാനേജര്‍ സാമിര്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അല്‍പം വൈകിയെങ്കിലും ഏറ്റവും മികച്ച സേവനം നല്‍കാന്‍ ലക്ഷ്യമിടുന്നതായി ആമസോണ്‍ ഇന്ത്യ മാനേജര്‍ സാമിര്‍ കുമാര്‍ വ്യക്തമാക്കി.
ഓര്‍ഡര്‍ ചെയ്താല്‍ 15 മിനിറ്റിനുള്ളില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നാണ് ആമസോണിന്റെ വാഗ്ദാനം. പുതുവർഷം ആകുമ്പോഴേക്കും ആദ്യഘട്ടമായി ബെംഗളുരുവില്‍ പദ്ധതിക്ക് തുടക്കമാകും. മാറുന്ന ഉപഭോക്തൃ രീതികള്‍ കണക്കിലെടുത്ത് അതിവേഗ വിതരണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കമ്പനികള്‍. വലിയ ഉപഭോക്തൃ അടിത്തറയും വിതരണ മേഖലയിലെ മികവും ആമസോണിന് നേട്ടമാകും എന്നത് തീർച്ചയാണ്.
ടെസ്സ് എന്നായിരിക്കും ആമസോണിന്‍റെ ക്വിക് ഡെലിവറി സംവിധാനത്തിന്‍റെ പേര് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ആമസോണ്‍ ഫ്രഷ് എന്നപേരില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ആമസോണിന് നിലവില്‍ സംവിധാനമുണ്ട്. അതിവേഗ വിതരണ സംവിധാനം കൂടി തുടങ്ങിയാല്‍ സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ് എന്നിവയ്ക്ക് കനത്ത വെല്ലുവിളിയാകും. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ പോലും അതിവേഗം വിതരണം ചെയ്യുന്നതിനാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ തയ്യാറെടുക്കുന്നത്.
വേഗത്തില്‍ സാധനങ്ങള്‍ വേണമെന്ന ഉപഭോക്താക്കളുടെ താല്‍പര്യം ഇന്ന് വർധിക്കുകയാണ്. ഇന്ത്യയിലെ ക്വിക് ഡെലിവറി പ്ലാറ്റ്‌ഫോമുകളെ കുറിച്ച് ഓണ്‍ലൈന്‍ ഉപഭോക്താക്കളിലെ 91 ശതമാനം പേര്‍ക്കും അറിവുണ്ട് എന്നാണ് മെറ്റയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പലചരക്ക് സാധനങ്ങള്‍, പേര്‍സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ എന്നിവയാണ് ക്വിക് ഡെലിവറി ആപ്പുകളില്‍ നിന്ന് കൂടുതലായും ആളുകള്‍ വാങ്ങുന്നത്. ദിനേനയുള്ള ഉപയോഗത്തിന് ആവശ്യമായ ഉത്പന്നങ്ങളാണ് ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ചിലവാകുന്നത്.