എംടിയുടെ മരണത്തിൽ അനുശോചിച്ച് മന്ത്രി ഒആർ കേളു. മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് ഒആർ കേളു പറഞ്ഞു. കേരളത്തിനും മലയാള സാഹിത്യലോകത്തിനും നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, സാംസ്കാരിക നായകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നിറഞ്ഞുനിന്നിരുന്നു വ്യക്തിത്വമായിരുന്നു എംടി വാസുദേവൻ നായരുടേത്. മതനിരപേക്ഷമായ രചനകളിലൂടെ സാധാരണക്കാരടക്കം എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എംടിയുടേത്. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ എക്കാലവും മലയാള മനസുകളിൽ നിറഞ്ഞുനിൽക്കുമെന്നും മന്ത്രി അനുസ്മരിച്ചു.
ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എംടിയെ തേടിയെത്തിയിരുന്നു. മലയാള സാഹിത്യലോകത്തിനുണ്ടായ തീരാ നഷ്ടത്തിൽ അനുശോചിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ ഇന്നലെയാണ് അന്തരിച്ചത് . 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സംവഭവിച്ചത്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി വാസുദേവൻ നായർ.