പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. അദ്ദേഹം പറഞ്ഞത് മലയാളത്തെ സംബന്ധിച്ച് ഒരു കാലം നിശ്ചലമായെന്നാണ്. എം ടിയെ ഏറ്റവുമധികം വേദനിപ്പിച്ചത് സ്നേഹത്തിന്‍റെ നിഷേധമാണെന്നും, അദ്ദേഹം മലയാളികളെ ഭൂതകാലത്തിന്‍റെ നന്മയുടെ അവശേഷിപ്പുകളെ നിരന്തരം ഓർമ്മിപ്പിച്ചുവെന്നും പ്രേംകുമാർ വ്യക്തമാക്കി. വിദേശ ഭാഷയിലാണ് രചന നിർവഹിച്ചിരുന്നതെങ്കിൽ എം.ടിക്ക് നോബൽ പുരസ്കാരം കിട്ടുമായിരുന്നു.എംടിയുടെ നഷ്ടം വിശേഷിപ്പിക്കാൻ തീരാത്ത നഷ്ടം എന്ന ആലങ്കാരിക പദം മതിയാവില്ല. വെറുമൊരു കഥാകാരൻ മാത്രമായിരുന്നില്ല എംടിയെന്നും പ്രേംകുമാർ പറഞ്ഞു.
മലയാളികളുടെ ജീവിതത്തെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു എഴുത്തുക്കാരൻ ഉണ്ടോയെന്ന് സംശയമാണ്. നമ്മള്‍ ജീവിക്കുന്ന കാലത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ നിരന്തരം സമൂഹത്തോട് പങ്കുവെക്കുകയായിരുന്നു.എംടിയുടെ ഹൃദയത്തിന്‍റെ വിശുദ്ധിയാണത്. നമ്മള്‍ നൽകുന്ന സ്നേഹം, നിഷങ്കളകത, സത്യസന്ധത എന്നിവയൊക്കെ തെറ്റിദ്ധരിക്കപ്പെടുന്ന ലോകത്ത് സ്നേഹത്തിന്‍റെ നിഷേധമാണ് എംടി ഏറ്റവും അധികം വേദനിപ്പിച്ചിരുന്നത്.ആന്ത്യതികമായി സ്നേഹം തന്നെയാണ് ഏറ്റവും പ്രധാനമെന്നും സ്നേഹത്തിന്‍റെ മഹാ വിജയം ഉണ്ടാകുമെന്നും എംടി വിശ്വസിച്ചിരുന്നു. നന്മയുടെ അവശേഷിപ്പുകളെ മലയാളികളെ നിരന്തരം ഓര്‍മിപ്പിച്ച എഴുത്തുകാരനായിരുന്നു എംടിയെന്നും പ്രേംകുമാര്‍ അനുസ്മരിച്ചു.