Sports

വിജയ് ഹസാരെ ട്രോഫി: കേരളം – മധ്യ പ്രദേശ് മത്സരം മഴയെടുത്തു; പോയിന്റുകൾ പങ്കിട്ട് ടീമുകൾ | vijay-hazare-trophy

ഹൈദരാബാദ്, ജിംഖാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം 160ന് പുറത്തായിരുന്നു.

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം – മധ്യ പ്രദേശ് മത്സരം മഴയെടുത്തു. ഹൈദരാബാദ്, ജിംഖാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം 160ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ സാഗര്‍ സോളങ്കിയാണ് കേരളത്തെ തകര്‍ത്തത്. ഷറഫുദീന്‍ (40 പന്തില്‍ 42) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ മധ്യ പ്രദേശ് അഞ്ചിന് 99 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ചു. ഇരുവരും പോയിന്റ് പങ്കിട്ടു. ബറോഡയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കേരളം പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിനും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മധ്യ പ്രദേശിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ ശുഭാന്‍ഷു സേനാപതി (4) പുറത്തായി. റണ്ണൗട്ടാവുകയായിരുന്നു താരം. പിന്നാലെ ശുഭം ശര്‍മയെ (7) ആദിത്യ സര്‍വാതെ ബൗള്‍ഡാക്കി. വെങ്കടേഷ് അയ്യര്‍ (5) ജലജ് സക്‌സേനയുടെ പന്തില്‍ രോഹന്‍ കുന്നുമ്മലിന് ക്യാച്ച് നല്‍കി. പിന്നാലെ ഹര്‍ഷ് ഗവാലിയെ സക്‌സേന ബൗള്‍ഡാക്കി. ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ ഷറഫുദീനും മടക്കിയതോടെ അഞ്ചിന് 62 എന്ന നിലയിലായി കേരളം. പിന്നീട് ക്യാപ്റ്റന്‍ രജത് പടിധാര്‍ (21), സാഗര്‍ സോളങ്കി (17) എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് മഴയെത്തിയത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

 

മോശം തുടക്കമായിരുന്നു കേരളത്തിന്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മല്‍ (23) – ജലജ് സക്‌സേന (ഏഴ് പന്തില്‍ 19) എന്നിവര്‍ക്ക് 25 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മൂന്നാം ഓവറില്‍ സക്‌സേന പുറത്തായി. പിന്നീട് രോഹന്‍ – ഷോണ്‍ ജോര്‍ജ് (37 പന്തില്‍ 39) സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ രോഹന്‍ മടങ്ങി. പിന്നാലെ അഹമ്മദ് ഇമ്രാനും (16), ഷോണും പവലിലയനില്‍ തിരിച്ചെത്തി. അതിഥി താരം ആദിത്യ സര്‍വാതെയ്ക്കും (4) തിളങ്ങാനായില്ല. തുടര്‍ന്നെത്തിയവരി ആര്‍ക്കും രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല.

ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ (0) ഗോള്‍ഡന്‍ ഡക്കായി. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ (2), അബ്ദുള്‍ ബാസിത് (1), നിതീഷ് എം ഡി (3) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതിനിടെ ഷറഫുദീന്റെ ഇന്നിംഗ്‌സാണ് ആശ്വാസമായത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷറഫുദീന്റെ ഇന്നിംഗ്‌സ്. എന്‍ പി ബേസില്‍ (4) പുറത്താവാതെ നിന്നു. സോളങ്കി ആറ് ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. കാര്‍ത്തികേയ മൂന്ന് വിക്കറ്റെടുത്തു.

 

content highlight : vijay-hazare-trophy-kerala-vs-madhya-pradesh