Lifestyle

കഴിക്കാൻ മാത്രമല്ല ചർമസംരക്ഷണത്തിനും അടിപൊളിയാണ് പപ്പായ ; ഇങ്ങനെ ഉപയോഗിക്കൂ

പലനാട്ടിൽ പലപേരിൽ അറിയപ്പെടുന്ന ഒരു പഴവർഗമാണ് പപ്പായ. പേരുകൾ പലതായാലും ഗുണം എന്നും ഒന്ന് തന്നെയാണ്. അകത്തേക്ക് കഴിക്കാൻ മാത്രമല്ല ചർമ സംരക്ഷണത്തിനും ബെസ്റ്റ് ആണ് പപ്പായ.

പപ്പായയിൽ ധാരാളമായുള്ള വൈറ്റമിൻ സി ചർമ്മത്തിലെ പാടുകൾ നീക്കി സ്വാഭാവിക നിറം നില നിർത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾക്ക് ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാനും പപ്പായ നല്ലൊരു പ്രതിവിധിയാണ്. നല്ലൊരു എക്‌സ്‌ഫോളിയേറ്ററായി പ്രവർത്തിക്കുന്ന പപ്പായ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ചർമം തിളങ്ങാൻ പപ്പയ ഇങ്ങനെ ഉപയോഗിക്കാം.

പപ്പായ തേൻ പാക്ക്

പപ്പായയിൽ അൽപ്പം തേൻ കൂടി ചേർത്ത് പുരട്ടുന്നത് ചർമത്തിൽ അത്ഭുതകരമായ മാറ്റം കൊണ്ടുവരും. ചർമത്തിലെ ഈർപ്പം നിലനിർത്തി തിളക്കം തേൻ സഹായിക്കുന്നു. രണ്ട് ടീ സ്പൂൺ പപ്പായയുടെ പൾപ്പ് എടുത്ത് അതിൽ ഒരു ടീ സ്പൂൺ തേൻ ചേർത്ത് കൈ ഉപയോഗിച്ച് ഉടച്ചെടുത്ത് മുഖത്തും ശരീരത്തിലും ഉപയോഗിക്കാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

​വരണ്ട ചർമ്മത്തിന് പപ്പായ ഫേഷ്യൽ

അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. രണ്ട് ടീസ്പൂൺ പാലും. ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്ത് നേർത്ത പേസ്റ്റ് ലഭിക്കുന്നത് വരെ നന്നായി ഇളക്കുക. മുഖത്തും കഴുത്തിലും ഈ പായ്ക്ക് തേച്ച് 30 മിനിറ്റ് കാത്തിരുന്ന ശേഷം കഴുകി കളയാം. മികച്ച ഫലം ലഭിക്കാനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് ആവർത്തിക്കുക. പാൽ അലർജി ഉള്ളവർക്ക് റോസ് വാട്ടർ ഉപയോഗിക്കാം.

മുഖത്തെ എണ്ണമയം മാറാൻ

ഒരു പഴുത്ത പപ്പായ ചെറിയ കഷണങ്ങളാക്കി മുറിച്ച് നന്നായി ഉടച്ചെടുക്കുക. ഓറഞ്ചിന്റെ 5 മുതൽ 6 വരെ അല്ലികൾ എടുത്ത് അതിൽ നിന്ന് നീര് പിഴിഞ്ഞെടുക്കുക. ഇത് പപ്പായയുമായി ചേർത്തു നന്നായി മിക്സ് ചെയ്തെടുക്കാം. നിങ്ങളുടെ മുഖത്തും കഴുത്തിലും ഇത് പ്രയോഗിച്ച് 15 മിനിറ്റ് കാത്തിരിക്കാം. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഈ മാസ്കിലെ പോഷകങ്ങൾ എണ്ണമയമുള്ള ചർമ്മം ഉള്ളവരിൽ ഫലപ്രദമായി പ്രവർത്തിക്കും.

ചർമകാന്തിക്ക് പപ്പായ ഫേഷ്യൽ

പഴുത്ത പപ്പായയുടെ ചെറിയ കഷണങ്ങൾ നന്നായി ഉടച്ചെടുത്ത ശേഷം ഒരു ടീസ്പൂൺ നാരങ്ങ നീര് ഇതിലേക്ക് ചേർത്തിളക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 10 മിനിറ്റ് നേരം സൂക്ഷിക്കുക. ഇളം ചൂടുള്ള വെള്ളത്തിലാവണം കഴുകേണ്ടത്. ഈ ഫെയ്‌സ് പായ്ക്ക് ആഴ്ചയിൽ രണ്ട് മൂന്ന് തവണ ഉപയോഗിക്കുന്നത് അനാവശ്യമായ ടാനുകൾ, കറുപ്പു നിറം, അല്ലെങ്കിൽ മങ്ങിയ ചർമ്മത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മികച്ച മാർഗമാണ്. രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒന്നുംതന്നെ ഉപയോഗിക്കാതെ ചർമ്മത്തിന് സ്വാഭാവിക തെളിച്ചം നൽകാൻ സഹായിക്കുന്ന ഒരു ഫേഷ്യൽ ആണിത്.

നല്ലതാണെന്ന് കരുതി ചീത്തയായതോ പാകമാകാത്തതോ ആയ പപ്പായ ഉപയോഗിക്കരുത്. നല്ലതും പഴുത്തതുമായ പപ്പായ വേണം തിരഞ്ഞെടുക്കാൻ. അതും, വൃത്തിയായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.