മൂത്രത്തിൽ കല്ലുമായി ഡോക്ടറെ സമീപിക്കുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. കൗമാരക്കാരിൽ വരെ ഈ പ്രശ്നം കണ്ടു വരാറുണ്ട്. ആദ്യം എന്താണ് മൂത്രത്തിൽ കല്ല് എന്നും എങ്ങനെ ഇത് വരുന്നു എന്നും നോക്കാം.
ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ഇത്തരം പരലുകൾ കൂടുതൽ എണ്ണം ഒന്നിച്ച് ചേർന്ന് പതുക്കെ വലുപ്പം കൂടി കട്ടിയേറിയ വസ്തുവായി മാറും. ഇവ വൃക്കകളിൽ രൂപപ്പെട്ട് മൂത്രവാഹിനിക്കുഴലിലേക്കും മൂത്രസഞ്ചിയിലേക്കുമൊക്കെ എത്താൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകൾ എന്ന് പൊതുവേ പറയുന്നത്. ചെറിയ പരലുകൾ ആണെങ്കിൽ അവ മൂത്രത്തിലൂടെ പുറത്തേക്ക് പോകും. എന്നാൽ ഈ പരലുകൾക്ക് വലുപ്പം കൂടുമ്പോൾ അവ കുടുങ്ങിക്കിടക്കും. അപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.
പ്രധാന ലക്ഷണങ്ങൾ ഇതൊക്കെയാണ്. പുറകില്‍ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദനയാണ് വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. അടിക്കടിയുള്ള മൂത്രമൊഴിക്കലും മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന വേദനയും അസ്വസ്ഥതയും ആണ് മറ്റ് ലക്ഷണങ്ങള്‍. മൂത്രത്തിൽ രക്തം കാണുന്നതും കിഡ്നി സ്റ്റോണിന്‍റെ സൂചനയാകാം. മൂത്രത്തിന്‍റെ നിറം മാറ്റം, അതായത് മൂത്രം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലാകാം കാണപ്പെടുക. മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും. കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.
മൂത്രത്തിൽ കല്ല് ചെറുക്കൻ നമുക്ക് സ്വയം ചെയ്യാൻ കഴിയുന്ന മാർഗ്ഗങ്ങൾ ഇതൊക്കെയാണ്. ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെയാണ് ഒരു മാർഗം. കരളും തലച്ചോറും ഉൾപ്പെടെ എല്ലാ അവയവങ്ങളുടെയും ആരോഗ്യത്തിനും പ്രവർത്തനത്തിനും വെള്ളം അത്യാവശ്യമാണ്. ശരീരത്തിന്റെ ഫിൽട്ടറിംഗ് സംവിധാനമായതിനാൽ വൃക്കകൾക്ക് മൂത്രം ഉത്പാദിപ്പിച്ച് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിന് വെള്ളം ആവശ്യമാണ്. ശരീരത്തിന് ആവശ്യമില്ലാത്തതോ അമിതമായതോ ആയ പദാർഥങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളാനാകും. ധാരാളം വെള്ളം കുടിക്കുന്നത് വഴി വൃക്കകൾക്ക് അധിക മാലിന്യ വസ്തുക്കളെ നീക്കംചെയ്യാൻ കഴിയും. യഥാക്രമം പുരുഷന്മാരും സ്ത്രീകളും പ്രതിദിനം 3.7 ലിറ്ററും 2.7 ലിറ്ററും വെള്ളം കുടിക്കണം.
മാതളനാരങ്ങ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് ജ്യൂസ് ആക്കി കുടിക്കാം. ഇത് വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഇത് മൂത്രത്തിന്റെ അസിഡിറ്റി ലെവലും കുറയ്ക്കുന്നു. കുറഞ്ഞ അസിഡിറ്റി അളവ് ഭാവിയിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു.
ഗ്രീൻ ടീ കുടിക്കുന്നത് വഴി വൃക്കയിലെ ധാതുക്കൾ ക്രിസ്റ്റലൈസ് ആകുന്നത് തടയാൻ സാധിക്കും. ചെറിയ പരലുകൾ മൂത്രത്തിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യപ്പെടും. ഗ്രീൻ ടീ ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ്. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.