ക്യാൻസർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും പേടിയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ക്യാൻസർ ഒരുപോലെ ഉണ്ടാകുന്നുണ്ട്. ചിലരിൽ ക്യാൻസർ കണ്ടെത്തുന്നത് വളരെ വൈകിയായിരിക്കും. പ്രാരംഭഘട്ട ലക്ഷണങ്ങൾ ഉണ്ടായിക്കാണും എങ്കിലും അതൊന്നും കാര്യമായി എടുത്തിട്ടുണ്ടാവില്ല. ക്യാൻസർ വരുമ്പോൾ ആയിരിക്കും പിന്നീട് ആലോചിക്കുക.
ക്യാൻസർ വരുന്നത് തടയാൻ സാധിക്കില്ല പക്ഷേ നേരത്തെ തിരിച്ചറിയാൻ സാധിക്കും . താഴെ കൊടുക്കുന്ന സൂചനങ്ങൾ നിങ്ങളുടെ ശരീരം കാണിക്കുന്നുണ്ടെങ്കിൽ വൈകിക്കാതെ വൈദ്യ സഹായം തേടേണ്ടതാണ്
അകാരണമായി ശരീര ഭാരം കുറയുന്നത് ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം. ക്യാൻസർ കോശങ്ങൾക്ക് ശരീരത്തിന്റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താൻ കഴിയും. ഇതുമൂലം നിങ്ങളുടെ ഭക്ഷണക്രമത്തിലോ വ്യായാമ മുറയിലോ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പോലും ശരീരഭാരം കുറയാം. അത്തരത്തില്‍ വ്യക്തമായ കാരണമില്ലാതെ ശരീരഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു കാരണവുമില്ലാതെ അമിതമായ ക്ഷീണം അനുഭവപ്പെടുന്നതും ചില ക്യാന്‍സറുകളുടെ ലക്ഷണമായി കാണപ്പെടാറുണ്ട്. എന്നാല്‍ എല്ലാ ക്ഷീണവും ക്യാന്‍സറിന്റേതല്ല. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം ഉണ്ടാകാം. ക്യാൻസറുമായി ബന്ധപ്പെട്ട ക്ഷീണം പലപ്പോഴും വിശ്രമം കൊണ്ട് മാറ്റാന്‍ കഴിയില്ല. ഉറക്കവും വിശ്രമവും ഉണ്ടായിരുന്നിട്ടും നിങ്ങൾ സ്ഥിരമായി ക്ഷീണിതനാണെന്ന് കണ്ടെത്തുകയാണെങ്കിൽ, ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.
ചർമ്മത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കാതെ പോകരുത്. ചർമ്മത്തിൽ ഏതെങ്കിലും മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കിൽ പരിശോധന നടത്താന്‍ മടിക്കേണ്ട. മറുകുകളുടെ ആകൃതി, നിറം എന്നിവ പോലുള്ള ചർമ്മത്തിലെ മാറ്റങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം. ഇവയെല്ലാം ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം.
വായിൽ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിലും പരിശോധന നടത്തി ക്യാൻസറല്ലെന്ന് ഉറപ്പ് വരുത്തുക. സ്ഥിരമായുള്ള തലവേദന, വയറുവേദന, നടുവേദന തുടങ്ങിയവയും നിസാരമായി കാണേണ്ട. വേദനയുടെ സ്ഥാനം, ദൈർഘ്യം, സവിശേഷതകൾ എന്നിവയിൽ ശ്രദ്ധ ചെലുത്തുകയും സമഗ്രമായ വിലയിരുത്തലിനായി ഡോക്ടറെ സമീപിക്കേണ്ടതും പ്രധാനമാണ്.
സ്ഥിരമായുള്ള മലബന്ധം, വയറിളക്കം, മലത്തിലോ മൂത്രത്തിലോ രക്തം, അല്ലെങ്കിൽ മൂത്രത്തിന്റെ ആവൃത്തിയിലുള്ള മാറ്റങ്ങൾ, ആർത്തവ ക്രമത്തിലെ മാറ്റങ്ങൾ എന്നിവയും ചില ക്യാൻസറുകളെ സൂചിപ്പിക്കാം.
ഏതാനും ആഴ്ചകളിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സ്ഥിരമായ ചുമ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, എപ്പോഴുമുള്ള നെഞ്ചെരിച്ചില്‍ തുടങ്ങിയവയും നിസാരമായി കാണേണ്ട.
സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്റെ ലക്ഷണങ്ങളാവാം. മുഴ, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, ഞരമ്പുകള്‍ തെളിഞ്ഞു കാണുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക, ദ്രാവകങ്ങള്‍ മുലക്കണ്ണുകളിലൂടെ പുറത്തേക്കു വരുക തുടങ്ങിയവ ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
content highlight : cancer-detection