India

സ്വന്തം ശരീരത്തിൽ 6 തവണ ചാട്ടവാറടി; അണ്ണാമലൈയുടെ 48 ദിവസത്തെ വ്രതത്തിന് ഇന്ന് തുടക്കം; ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പിടില്ലെന്നും ശപഥം | annamalai

അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യം

കോയമ്പത്തൂർ: ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വ്രതം ഇന്ന് തു‍ടങ്ങും. ചെന്നൈയിലെ വീടിന് മുന്നിൽ സ്വന്തം ശരീരത്തിൽ 6 തവണ അടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങുന്നത്. വ്രതം പൂർത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും. ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പിടില്ലെന്ന് ഇന്നലെ അദ്ദേഹം ശപഥമെടുത്തിരുന്നു.

അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യം. ഗവർണർ ആർ എൻ രവി ഇന്ന് ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബിജെപി സംഘം നേരിട്ട് കണ്ടു വിഷയത്തിൽ പരാതി നൽകും. ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലാണ് ബി ജെ പി തമിഴ്നാട് അധ്യക്ഷൻ പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു. അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായതടക്കമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയ അണ്ണാമലൈ, ഡി എം കെ സർക്കാരിനെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു.

ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.

രണ്ട് പേർ ചേർന്ന് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനി ആദ്യ ഘട്ടത്തിൽ നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ് മനസ്സിലാക്കുന്നത്. ക്യാംപസിനുള്ളിലെയും സമീപത്തെയും മുപ്പതോളം സിസിടിവികൾ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

CONTENT HIGHLIGHT: annamalai will beat his own body 6 times goal is to bring down m k stalin