രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളർച്ചയ്ക്കും പുരോഗതിയ്ക്കും സുപ്രധാനമായ പങ്കുവഹിച്ച നേതാവായിരുന്നു മൻമോഹൻ സിംഗ്. അതിനെല്ലാം തുടക്കം നരസിംഹറാവു ധനകാര്യ മന്ത്രി പദവി നൽകിയതോടുകൂടിയായിരുന്നു. 1991 ൽ അസാധാരണമായി തകർന്നടിഞ്ഞ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കുന്നതിന് നരസിംഹറാവു കണ്ടെത്തിയ ഒറ്റമൂലി തന്നെയായിരുന്നു മൻമോഹൻ സിംഗ്. എന്നാൽ ആ ധനകാര്യ മന്ത്രി പദവി അത്ര എളുപ്പമായിരുന്നില്ല. രാഷ്ട്രീയക്കാരൻ അല്ലാത്ത മൻമോഹൻസിംഗിനെ മന്ത്രിയാക്കിയതിൽ പരമ്പരാഗത രാഷ്ട്രീയക്കാരും സ്ഥാനമോഹികളും എല്ലാം പ്രതിഷേധിച്ചെങ്കിലും നരസിംഹറാവു വഴങ്ങിയില്ല,
സാമ്പത്തികപ്രതിസന്ധി മറികടക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ അഴിക്കണമെന്നും പൊതുമേഖലകൾ സ്വകാര്യമേഖലയ്ക്കായി തുറക്കണമെന്നും ഡോ. മൻമോഹൻ സിങ് നിർദേശിച്ചു. ഒന്നടങ്കം സാമ്പത്തികനിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനെ കോൺഗ്രസ് എതിർത്തെങ്കിലും നരസിംഹറാവു മൻമോഹൻ സിങ്ങിന്റെ നിർദേശങ്ങൾക്ക് അംഗീകാരം നൽകി. ധനമന്ത്രിയായി ചുമതലയേറ്റശേഷം 1991 ജൂൺ 24-ന് മൻമോഹൻ സിങ് നടത്തിയ ആദ്യത്തെ പത്രസമ്മേളനം തന്നെ പൊളിച്ചെഴുത്തിന്റെ ആദ്യ സൂചനകൾ നൽകി. ആ പ്രഖ്യാപനങ്ങൾ രാജ്യത്ത് അതുവരെ പിന്തുടർന്നിരുന്ന നയങ്ങളുടെ മാറ്റിപ്പണിയലും ഭാവികാല സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്റെ വിളംബരങ്ങളുമായി.
സുപ്രധാനമായ ഒട്ടേറെ നിയമനിർമാണങ്ങളാണ് മൻമോഹൻ സിംഗിന്റെ കാലത്ത് ഉണ്ടായത്. വിപ്ലവകരമായ വിവരാവകാശ നിയമമാണ് അതിൽ പ്രധാനം. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെയായിരുന്നു അന്ന് സിംഗ് നിയമമാക്കിയത്. ഇത് പൊതുരംഗത്തുണ്ടാക്കിയ സുതാര്യത ചെറുതായിരുന്നില്ല. വിവാരാവകാശം നിയമം പ്രാബല്യത്തിൽ വന്നതോടെ സർക്കാരിന്റെയോ അഥവാ സർക്കാർ സംവിധാനങ്ങളോ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെയ്ക്കാൻ അധികാരികൾക്ക് നിർവാഹമില്ലാതായി. ഇതോടെ സർക്കാരുകൾക്ക് നേരെ ചോദ്യമുയർത്താനും വാദങ്ങൾ നിരത്താനുമുള്ള കരുത്ത് സാധാരണക്കാരനായ പൗരനും ലഭിച്ചു.
ലോക്പാൽ, ലോകായുക്ത ആക്ട് ആയിരുന്നു ശ്രദ്ധേയമായ മറ്റൊരു നിയമനിർമാണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികൾക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുത്തതും സിംഗിന്റെ ഭരണകാലത്തായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം പ്രവർത്തിച്ചു. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടും അദ്ദേഹത്തിന്റെ സർക്കാർ ഐക്യപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.
ബാലവിവാഹങ്ങൾ കൊടുമ്പിരികൊണ്ടിരുന്ന രാജ്യത്ത് ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ടുള്ള നിയമം കൊണ്ടുവന്നതും മൻമോഹൻ സിംഗായിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം, ഇന്ത്യൻ കമ്പനീസ് ആക്ട്, ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റും ചട്ടങ്ങളും മുന്നോട്ടുവെച്ചതും അദ്ദേഹമായിരുന്നു.
CONTENT HIGHLIGHT: india manmohan singh economist