ആലപ്പുഴ: മോദിയെയും ബി.ജെ.പിയെയും വിമര്‍ശിച്ച് ലത്തീന്‍സഭാ മുഖപത്രം. ന്യൂഡല്‍ഹിയില്‍ മെത്രാന്മാരെ ആദരിക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കിയപ്പോള്‍ കേരളത്തില്‍ സംഘപരിവാര്‍ ശക്തികള്‍ പുല്‍ക്കൂട് കത്തിക്കാനാണു നേതൃത്വം നല്‍കിയതെന്ന് ത്തീന്‍സഭാ മുഖപത്രം ‘ജീവനാദം’ പറയുന്നു.
ലത്തീന്‍, സിറോ മലബാര്‍, സിറോ മലങ്കര സഭാവിഭാഗങ്ങളുടെ പൊതുപ്രവര്‍ത്തനങ്ങളും സേവനപദ്ധതികളും ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്ന കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു മോദി. സി.ബി.സി.ഐ. സെന്റര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. സഭയ്ക്കു ലഭിക്കുന്ന വലിയ അംഗീകാരവും ആദരവുമായി ഇതിനെ കാണാം.
ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനും അധ്യാപകരെയും കുട്ടികളെയും നാട്ടുകാരെയും ഭീഷണിപ്പെടുത്താനും സംഘപരിവാരത്തിലെ ചില വിദ്വേഷപ്രചാരകരും ബി.ജെ.പി. കാര്യദര്‍ശികളും ഇറങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ തൊഴുത്, പുഷ്പാര്‍ച്ചന നടത്തി, കാരള്‍ ഗീതങ്ങള്‍ ആസ്വദിച്ച് താളംപിടിച്ചതൊക്കെ എന്തിനു വേണ്ടിയെന്നു മുഖപ്രസംഗം പരിഹസിക്കുന്നു.
ക്രൈസ്തവ കുടുംബങ്ങളിലേക്കു ക്രിസ്മസ് കെയ്ക്കുമായി സ്‌നേഹയാത്ര നടത്താനും ചില മെത്രാസന മന്ദിരങ്ങളില്‍ കെയ്ക്കു മുറിക്കാനും ബി.ജെ.പി. സംസ്ഥാന നേതൃത്വം പദ്ധതി ആവിഷ്‌കരിച്ചിരിക്കേയാണ് പാലക്കാട്ടെ സംഭവമുണ്ടാകുന്നത്.
ക്രിസ്മസ് നക്ഷത്രത്തിനു പകരം ശബരിമല സീസണില്‍ കേരളത്തില്‍ മകരനക്ഷത്രം തൂക്കണമെന്ന കല്പനയും ചിലരൊക്കെ ഇറക്കിയത് മോദി അറിഞ്ഞുകാണുമോ?- മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫ്‌ളൈറ്റില്‍ ‘മെരിയര്‍’ ക്രിസ്മസ് എന്നു പരിഹസിച്ചാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
നല്ലേപ്പള്ളി സർക്കാർ യു.പി. സ്കൂളിൽ സാന്താക്ലോസ് വേഷമണിഞ്ഞവരെ തടയാനും ഭീഷണിപ്പെടുത്താനും വിശ്വഹിന്ദു പരിഷത്ത്, ബജറംഗ്‌ദൾ പ്രവർത്തകർ രംഗത്തിറങ്ങുകയായിരുന്നു. ചിറ്റൂർ തത്തമംഗലത്തെ സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂട് ചിലർ തകർത്തു.
CONTENT HIGHLIGHT: latin church publication criticized bjps actions in kerala during christmas