World

പ്രിൻസസ് ഓഫ് വെയിൽസ് ആയ കാതറിൻ രാജകുമാരിയുടെ പ്രത്യേക ക്ഷണം; റോയൽ കാരൾ സന്ധ്യയിൽ മലയാളി ശബ്ദമായി കണ്ണൂരുകാരി | malayali girl carol for the british royal family

ഗായക സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ് നാലുവയസ്സുകാരി സെറ

ലണ്ടൻ: റോയൽ കാരൾ സന്ധ്യയിൽ മലയാളി ശബ്ദമായി കണ്ണൂരുകാരി. ഇംഗ്ലണ്ട് കിരീടാവകാശി പ്രിൻസ് വില്യമിന്റെ ഭാര്യ പ്രിൻസസ് കാതറിൻ ആതിഥ്യം വഹിച്ച റോയൽ കാരൾ സന്ധ്യയിലാണ് കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി സെറ റോസ് സാവിയോ (4) പങ്കെടുത്തത്.

ചർച് ഓഫ് ഇംഗ്ലണ്ടിന്റെ റോം എന്ന വിശേഷിപ്പിക്കുന്ന വെസ്റ്റ് മിനിസ്റ്റേഴ്സ് അബിയിൽ 24ന് രാത്രിയായിരുന്നു കാരൾ പരിപാടി. പ്രിൻസസ് ഓഫ് വെയിൽസ് ആയ കാതറിൻ രാജകുമാരിയുടെ പ്രത്യേക ക്ഷണം ലഭിച്ചാണ് ചെസ്റ്ററിലെ ‘സാങ്കോഫ സോങ്ക്സ്റ്റേഴ്സ്’ എന്ന ഗായക സംഘം കാരൾ പരിപാടിയിൽ എത്തിയത്. ഈ ഗായക സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ് നാലുവയസ്സുകാരി സെറ. ബിലോങ് ചെസ്റ്റർ‍ കെയർ വില്ലേജിലെ നാലു മുതൽ 100 വയസ്സുവരെ പ്രായമുള്ള 30 പേരാണ് ‘സാങ്കോഫ സോങ്ക്സ്റ്റേഴ്സ്’ എന്ന ഗായക സംഘത്തിലുള്ളത്.

ചെസ്റ്ററിലെ നഴ്സറി ഇൻ ബിലോങ്ങിലാണ് സെറ പഠിക്കുന്നത്. ചെസ്റ്ററിലെ ഓൾ സെയിന്റ്സ് പള്ളിയിലായിരുന്നു സംഘത്തിന്റെ ക്വയർ പരിശീലനം. എല്ലാ വർഷവും വിവിധ പരിപാടികളിൽ കാരൾ ഗാനവും പാടുന്ന സംഘത്തെ ഇത്തവണ റോയൽ ക്രിസ്മസ് കാരളിലേക്ക് പ്രിൻസസ് ക്ഷണിക്കുകയായിരുന്നു. രണ്ടുവർഷമായി ഗായക സംഘത്തിന്റെ ഭാഗമാണ് സെറ. പരസ്പര സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായാണ് ‘സാങ്കോഫ സോങ്ക്സ്റ്റേഴ്സ്’ കാരൾ ഗാന പരിപാടിയിൽ പങ്കെടുത്തത്.

വില്യം രാജകുമാരനും പ്രിൻസസ് കാതറിനും കുടുംബമായി പരിപാടി കാണാനെത്തിയിരുന്നു. കാരൾ പരിപാടിക്ക് ശേഷം എല്ലാവർ‍ക്കും പ്രത്യേക ക്രിസ്മസ് സമ്മാനവും നൽകിയാണ് രാജകുടുംബം ഗായക സംഘത്തെ യാത്രയാക്കിയത്. ഇംഗ്ലണ്ടിൽ എല്ലാ വർഷവും നടക്കുന്ന റോയൽ കാരൾ പരിപാടി ബിബിസി ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. ഇംഗ്ലണ്ട് ചെസ്റ്ററിൽ അക്കൗണ്ടന്റായ സാവിയോ ജോസിന്റെയും നഴ്സായ അരുണ ബേബിയുടെയും മകളാണ് സെറ.

CONTENT HIGHLIGHT: malayali girl sang a christmas carol for the british royal family

Latest News