മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎസ്. ഉഭയകക്ഷി പങ്കാളിത്തത്തിലെ ഏറ്റവും മികച്ച ചാമ്പ്യന്മാരിൽ ഒരാളാണ് മന്മോഹന് സിങ് എന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശേഷിപ്പിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നേടിയ പല നേട്ടങ്ങള്‍ക്കും അടിത്തറയിട്ടത് മന്മോഹന് സിങ് ആണെന്നും ബ്ലിങ്കൻ പറഞ്ഞു. യുഎസ് – ഇന്ത്യ സിവിൽ ആണവ സഹകരണ ഉടമ്പടി മുന്നോട്ട് കൊണ്ടുപോകുന്നതിൽ മന്മോഹന് സിങ് കാണിച്ച നേതൃത്വത്തെപ്പറ്റിയും ബ്ലിങ്കൻ സൂചിപ്പിച്ചു.
‘ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ദ്രുതഗതിയില്‍ ഉത്തേജിപ്പിച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ ഡോ. സിങ് ഓർമിക്കപ്പെടും. ഡോ. സിങ്ങിന്റെ വിയോഗത്തിൽ ഞങ്ങൾ വിലപിക്കുന്നു. അമേരിക്കയേയും ഇന്ത്യയേയും കൂടുതൽ അടുപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണം എപ്പോഴും ഓർക്കും.’- ബ്ലിങ്കൻ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ച മുൻനിര സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരിൽ മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന പറഞ്ഞു. മന്മോഹന് സിങ്ങിന്റെ മരണത്തിൽ അദ്ദേഹം ദുഖം രേഖപ്പെടുത്തി.