കസാഖ്സ്താനിൽ തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതെന്ന് അഭ്യൂഹം. വിമാനദുരന്തത്തെപ്പറ്റി അസർബെയ്ജാൻ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ റഷ്യ ഉപയോഗിക്കുന്ന പാന്റ്‌സിർ -എസ് എന്ന വ്യോമപ്രതിരോധ സംവിധാനമാണ് അസർബൈജാൻ വിമാനത്തെ തകർത്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
വിമാനത്തിന്റെ വാൽ ഭാഗത്തിന് ആയുധം തട്ടിയപോലുള്ള കേടുപാടുകൾ സംഭവിച്ചതായി ചിത്രങ്ങളിൽ നിന്നു വ്യക്തമാണ്. ബുധനാഴ്ച, 59 ഉക്രേനിയൻ ഡ്രോണുകൾ നിരവധി പ്രദേശങ്ങളിൽ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു.
വിമാനത്തിൽ പക്ഷിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ഇതുവരെ റഷ്യ പറഞ്ഞിരുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതികരിക്കാനില്ലെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
വിമാനം തെക്കൻ റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പറക്കവേ, അബദ്ധത്തിൽ വിമാനത്തെ റഷ്യൻ സംവിധാനം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗ്രോസ്‌നിയിലേക്ക് പ്രവേശിക്കവേ വിമാനത്തിന്റെ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാകുകയായിരുന്നു. വിമാനം തകർന്നത് റഷ്യൻ ആക്രമണത്തിലാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അമേരിക്കയും സ്ഥിരീകരിച്ചു.
അസർബെയ്ജാന്റെ തലസ്ഥാനമായ ബാക്കുവിൽ നിന്നും റഷ്യയിലെ തെക്കൻ ചെച്‌നിയ പ്രദേശമായ ഗ്രോസ്‌നിയിലേക്ക് പറക്കവേയാണ് കഴിഞ്ഞ ബുധനാഴ്ച കസാക്കിസ്ഥാനിലെ അക്തു നഗരത്തിൽ വിമാനം തകർന്നുവീണത്. 38 പേർ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു.