Kerala

2016ൽ ജമാഅത്തെ ഇസ്ലാമിയുടേ പിന്തുണ ലഭിച്ചിരുന്നു, സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാർ: കെ മുരളീധരൻ

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. കുമ്മനം രാജശേഖരൻ ആയിരുന്നു അന്ന് എതിർ സ്ഥാനാർഥി. 2019 മുതൽ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

2019 മുതൽ വെൽഫയർ പാർട്ടി പിന്തുണയും കോൺഗ്രസിനാണ്. ദേശീയ നയത്തിൽ എടുത്ത തീരുമാനമാണ്. ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് എന്ന നിലപാടിൽ എടുത്ത നയമാണിതെന്നും ഈ നയത്തിൻ്റെ ഭാഗമായി കോൺഗ്രസ് മുന്നണിയിലുള്ള സിപിഐഎമ്മിന് തമിഴ്നാട്ടിൽ പിന്തുണ നൽകിയെന്നും കെ മുരളീധരൻ പറഞ്ഞു.

സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്നും മുരളീധരൻ പറഞ്ഞു. വെള്ളാപ്പള്ളി എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കാറുണ്ട്. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്. എൻഎസ്എസിന്റെ ചടങ്ങിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ആണ് പങ്കെടുക്കാറുള്ളത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകാൻ യോഗ്യൻ എന്ന പരാമർശം ചർച്ചയാക്കേണ്ടതില്ലെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.