ഡൽഹി: മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ മുരളീധരൻ. “മൻമോഹൻ സിങ്ങിന്റെ വിയോഗം രാജ്യത്തിനും കോൺഗ്രസിനും തീരാ നഷ്ടമാണ്. ഞാൻ അദ്ദേഹത്തിൽ രണ്ടു പ്രത്യേകതകളാണ് കണ്ടിട്ടുള്ളത്. അദ്ദേഹം ലോക്സഭയിലേക്കോ നിയമസഭയിലേക്കോ തിരഞ്ഞെടുക്കപ്പെട്ട ആളല്ല. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ്. പക്ഷേ ഏതൊരു ജനപ്രതിനിധിയെയും ഇത്രമാത്രം ബഹുമാനിച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. പഞ്ചായത്തംഗം മുതൽ പാർലമെന്ററി അംഗം വരെയുള്ള എല്ലാ ജനപ്രതിനിധികളെയും ബഹുമാനത്തോടെ സ്വീകരിക്കുകയും അവരെ കാണുന്ന കാര്യത്തിൽ വളരെയധികം ഉദാര സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അടുത്ത് ഒരു അപ്പോയിന്റ്മെന്റ് ചോദിച്ചാൽ ബഡ്ജറ്റ് നിർമ്മാണവേളയിൽ പോലും അദ്ദേഹം തരുമായിരുന്നു.
രണ്ടാമത്തെ കാര്യം കോൺഗ്രസിന്റെ താഴെത്തട്ടിൽ ഒന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല. പക്ഷേ മരണം വരെ അച്ചടക്കമുള്ള ഒരു കോൺഗ്രസുകാരൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തെപ്പോലെ പാർട്ടി അച്ചടക്കം പരിപാലിക്കുന്ന മറ്റ് നേതാക്കൾ ഇല്ല എന്ന് തന്നെ പറയാം. പാർട്ടിയുടെ ലക്ഷ്മണ രേഖയ്ക്ക് അപ്പുറം അദ്ദേഹം ചലിച്ചിട്ടില്ല. ധനകാര്യ മന്ത്രി എന്ന നിലയിൽ ഈ രാജ്യത്തെ സാമ്പത്തിക മേഖലയിൽ ഒരു പൊളിച്ചെഴുത്ത് നടത്തിയത് അദ്ദേഹമാണ്. അദ്ദേഹം സാധാരണക്കാരെ മറന്നു കൊണ്ടുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല.
ലാഭത്തിൽ ഓടുന്നതും ലാഭത്തിൽ ഓടിക്കാൻ സാധ്യതയുള്ളതുമായ പൊതുമേഖല സ്ഥാപനങ്ങളെ അതിൽ തന്നെ നിലനിർത്തണം എന്നാൽ കനത്ത നഷ്ടത്തിലേക്ക് പോകുന്നത് മാത്രം സ്വകാര്യവൽക്കരിക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം പാർലമെന്റിൽ പറയുകയുണ്ടായി. പ്രധാനമന്ത്രിയായി എത്തിയപ്പോൾ അദ്ദേഹം എടുത്ത തീരുമാനങ്ങളിൽ ഏറ്റവും പരമപ്രധാനം ദേശീയ തൊഴിലുറപ്പ് പദ്ധതിയായിരുന്നു. അതുപോലെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതും വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം എന്നിവയിലെല്ലാം അദ്ദേഹത്തെ കാണാൻ സാധിക്കും.
വളരെ സൗമ്യമായിട്ടാണ് പെരുമാറിയിരുന്നെങ്കിലും നയങ്ങളുടെ കാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ചകൾ ചെയ്തിരുന്നില്ല. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് ആണവ കരാറിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചിട്ട് പോലും സർക്കാരിന്റെ ഭാവി തുലാസിൽ ആയിരുന്നിട്ട് പോലും അദ്ദേഹം അക്കാര്യത്തിൽ വഴങ്ങിയില്ല. അതിന്റെ പേരിൽ ഒരുപാട് ആക്ഷേപണങ്ങൾ കേട്ടെങ്കിലും അതിനെ എല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. അദ്ദേഹം പാർലമെന്റിനെ ധൈര്യത്തോടെ നേരിട്ട് പാർലമെന്റിന്റെ വിശ്വാസം അദ്ദേഹം നേടിയെടുത്തു. സ്ഥാനമൊഴിഞ്ഞതിനുശേഷം പാർട്ടിക്ക് വേണ്ടി അദ്ദേഹത്താൽ കഴിയുന്ന രീതിയിൽ പ്രവർത്തിച്ചു”.
കേരളത്തിലെ കോൺഗ്രസുകാരോട് ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനം കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാരണം രാഹുൽഗാന്ധിയെ പാർലമെന്റിലേക്ക് എത്തിച്ചത് കേരളം ആയിരുന്നു. അവശനായിരുന്ന ഘട്ടത്തിൽ വീൽചെയറിൽ ആണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ ഉള്ള ഒരാളായിരുന്നു അദ്ദേഹം. കോൺഗ്രസിന് തുടർ ഭരണം ലഭിച്ചിരുന്നേങ്കിൽ മൻമോഹൻ സിംഗ് തന്നെ പ്രധാന മന്ത്രി ആകുമായിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.
CONTENT HIGHLIGHT: k muraleedharan about manmohan singh