തൃശൂർ മേയർക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍. ബിജെപിയിൽ നിന്ന് കേക്ക് വാങ്ങിയത് യാദൃശ്ചികമല്ലെന്നും തൃശൂർ മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നും വിഎസ് സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും മേയർ പ്രവർത്തിച്ചതാണെന്ന് വി എസ് സുനിൽകുമാർ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റിൽ നിന്ന് കേക്ക് സ്വീകരിച്ചത് തീർത്തും നിഷ്കളങ്കമല്ലെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു. എൽഡിഎഫ് മേയർ ആയിരിക്കുമ്പോൾ മുന്നണിയുടെ രാഷ്ട്രീയത്തോട് കൂറ് പുലർത്തണം. അതുണ്ടാകുന്നില്ലെന്നും സിപിഐ നിലപാട് അന്നും ഇന്നും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ട് നേരിട്ടും പരോക്ഷമായും പ്രവർത്തിച്ചു. കേക്ക് കൊടുത്തതിൽ കുറ്റം പറയുന്നില്ല. എന്നാൽ തൃശൂർ മേയർക്ക് മാത്രം കേക്ക് കൊണ്ടു പോയി കൊടുക്കുന്നത് വഴിതെറ്റി വന്നതല്ലെന്ന് സുനിൽകുമാർ പറയുന്നു. ഇതിൽ അത്ഭുതം തോന്നിയില്ലെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേർത്തു.
അതേസമയം എം കെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയമില്ലെന്നും സ്‌നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നുമാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ക്രിസ്മസ് ദിനം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നു എം കെ വര്‍ഗീസും പ്രതികരിച്ചു.