ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. “തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ രക്ഷിക്കുന്നതിന് വേണ്ടി രക്ഷകനായി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു കണ്ടെത്തിയത് രാഷ്ട്രീയക്കാരൻ അല്ലാത്ത, സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിങ്ങിനെ ആയിരുന്നു. രാഷ്ട്രീയക്കാർ പലരും നെറ്റി ചുളിച്ചു. രാഷ്ട്രീയം അറിയാത്ത, ഇന്ത്യ എന്തെന്നറിയാത്ത ഈ മനുഷ്യൻ എങ്ങനെ അഗാധമായ ഈ ഗർത്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിക്കുമെന്ന്. പക്ഷേ മജീഷ്യനെ പോലെ അദ്ദേഹം ഇന്ത്യൻ സമ്പദ്ഘടനയെ ഉയർത്തെഴുന്നേൽപ്പിച്ചു. അതുവരെ രാഷ്ട്രീയം ഇല്ലായിരുന്ന അദ്ദേഹം ധനകാര്യ മന്ത്രിയായി ചുമതല ഏറ്റെടുത്ത അന്ന് തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വം എടുത്തു. അന്ന് മുതൽ മരണം വരെ കോൺഗ്രസിന്റെ അർപ്പണബോധമുള്ള, കൂറുള്ള, അച്ചടക്കമുള്ള, ഒരു നേതാവായിട്ട് പ്രവർത്തിച്ചു.
അതിനുശേഷം ഒരു അത്ഭുതം നടന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാക്കൾ എല്ലാവരും തന്നെ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ സോണിയ ഗാന്ധി സ്ഥാനം വേണ്ടെന്നുവച്ചു. പകരം ആരുടെ പേരാണ് സോണിയ പറയുക എന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. സോണിയ ഗാന്ധി നിർദ്ദേശിച്ച പേര് ഡോ. മൻമോഹൻ സിങ്ങിന്റേതായിരുന്നു. രാഷ്ട്രീയക്കാരൻ അല്ലാത്ത പ്രധാനമന്ത്രി, ഇന്ത്യയുടെ വൈവിധ്യങ്ങൾ ഒന്നുമറിയാത്ത അദ്ദേഹം ഈ കാലത്ത് ഇന്ത്യയെ നയിക്കുമെന്ന് പല നേതാക്കന്മാരും ചോദിച്ചു. പക്ഷേ 10 വർഷത്തെ ഭരണം കൊണ്ട് ലോകം കണ്ടിട്ടുള്ള പരിണിതപ്രജ്ഞരായ നേതാക്കളിൽ ഒന്നാമതായി നിൽക്കേണ്ട ആളാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രധാനമന്ത്രി കസേരയിൽ അതിശയകരമായ പരിഷ്കാരങ്ങൾ നടത്തി. ഇടത്തരക്കാർക്ക് ഗുണകരമായ ഏറ്റവും വലിയ പരിഷ്കാരം ഭക്ഷ്യ സുരക്ഷ നിയമം കൊണ്ടുവന്നു.
സ്വന്തം ബാഗ് എത്ര ഭാരമുള്ളതാണെങ്കിലും അദ്ദേഹം തന്നെ അത് എടുക്കുമായിരുന്നു. മറ്റാരെയും അത് എടുക്കാൻ സമ്മതിക്കില്ല. ഇങ്ങനെ ഒരു മനുഷ്യനുണ്ടോ? സഹപ്രവർത്തകരോട് ഇത്രയധികം മാന്യതയും ബഹുമാനവും പുലർത്തുന്ന മറ്റൊരു പ്രധാനമന്ത്രി ഇല്ല. ഇന്ത്യയിലെ ഏറ്റവും വലിയ ആദരവുള്ള പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. നല്ല മനുഷ്യർ ധാരാളമുണ്ട്, ഇത്രയും നല്ല മനുഷ്യൻ ഉണ്ടോ. സഭ ഒന്നടങ്കം ബഹുമാനിക്കുന്ന നേതാവായിരുന്നു” അദ്ദേഹം എ കെ ആന്റണി കൂട്ടിച്ചേർത്തു.
CONTENT HIGHLIGHT: a k antony about manmohan singh