Recipe

കിളിമീൻ വറുത്തു കഴിച്ച് മടുത്തോ ? നല്ല പച്ചമഞ്ഞളി‌ട്ട ഗ്രിൽഡ് കിളിമീൻ തയാറാക്കാം ? | grilled fish with fresh turmeric

വറുത്തു കഴിക്കാൻ മലയാളികൾക്കേറ്റവും ഇഷ്ടമുള്ള മീനുകളിൽ ഒന്നാണ് കിളിമീൻ. എന്നാൽ എപ്പോഴും ചെയ്യുന്നതിൽ നിന്നും കുറച്ച് വ്യത്യസ്തമായി കിളിമീൻ ഗ്രിൽ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ ?

കിളിമീൻ അല്ലങ്കിൽ കണമ്പ് മീൻ കഴുകി വൃത്തിയാക്കി വരഞ്ഞതിനു ശേഷം ഒരു ടിഷ്യു വച്ചു ജലാംശം ഒപ്പിയെടുക്കുക.

മീനിൽ പുരട്ടാനുള്ള മസാല

  • പച്ചമഞ്ഞൾ അരച്ചത് – 10 gm (ലഭ്യമല്ലങ്കിൽ മഞ്ഞൾപൊടി )
  • കുരുമുളക് ചതച്ചത് – 10 gm
  • പെരുംജീരകം ചതച്ചത് – 3 gm
  • വെളുത്തുള്ളി ചതച്ചത് -5 gm
  • ഇഞ്ചി ചതച്ചത് – 5 gm
  • കറിവേപ്പില പൊടിയായി അരിഞ്ഞത്- ആവശ്യത്തിന്
  • നാരങ്ങനീര് – അരമുറി
  • കല്ലുപ്പ് – ആവശ്യത്തിന്
  • എണ്ണ – 10 ml

ഒരു പാത്രത്തിൽ എല്ലാ ചേരുവകളും യോചിപ്പിച്ചു മീനിൽ പുരട്ടി കുറഞ്ഞത് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

മീൻ ഗ്രിൽ ചെയ്യാൻ

ചൂടാക്കിയ നോൺ സ്റ്റിക് പാനിൽ അൽപ്പം എണ്ണ ഒഴിച്ചു മീൻ രണ്ടു മിനിറ്റ് വീതം ഓരോ വശവും ഗ്രിൽ ചെയ്യുക. പിന്നീട് നേരത്തെ ചൂടാക്കിയ ഓവനിൽ 180 ഡിഗ്രി ചൂടിൽ ഏഴു മിനിട്ടു ഗ്രിൽ ചെയ്തു ചൂടോടെ സംബാലുമായി കഴിക്കാം! ഓവനില്ലെങ്കിൽ പാനിൽ തന്നെ മീൻ ഗ്രിൽ ചെയ്തെടുക്കാം. അലങ്കരിക്കാനായി അരമുറി നാരങ്ങാ നന്നായി ചൂടായ പാനിൽ ഒരു മിനിട്ടു ചുട്ടെടുത്തു ഉപ്പ് ചേർത്ത് മീനോടൊപ്പം വയ്ക്കുക

ടിപ്സ്‌

മീനിന്റെ തൊലി പോകാതിരിക്കാൻ ഓരോ വശവും ഗ്രിൽ ചെയ്യുമ്പോൾ പാൻ അടുപ്പിൽ നിന്നും മാറ്റി ഒരല്പം തണുത്തതിന് ശേഷം തിരിച്ചിടുക.