Kerala

വീട്ടിലേക്ക് വരുന്നവരോട് കയറരുതെന്ന് പറയാനുള്ള സംസ്കാരമില്ല, സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപറ്റിയത്: തൃശൂര്‍ മേയര്‍

കേക്ക് വിവാദത്തിൽ പ്രതികരണവുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്ന് കേക്ക് സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപറ്റിയതെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

സുനിൽ കുമാറിന്‍റെ ആരോപണം പുതിയതല്ലെന്നും മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോല്‍ അതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുനിൽ കുമാറിന്‍റെ പ്രസ്താവന ബാലിശമാണ്. അതിന് കാര്യമായ വിലകല്‍പ്പിക്കുന്നില്ലെന്നും എംകെ വര്‍ഗീസ് കൂട്ടിച്ചേർത്തു.

തൃശൂർ മേയർ എംകെ വർ​ഗീസിനെതിരെ വിമർനവുമായി വിഎസ് സുനിൽകുമാർ രംഗത്ത് എത്തിയിരുന്നു. ബിജെപിയിൽ നിന്ന് കേക്ക് വാങ്ങിയത് യാദൃശ്ചികമല്ലെന്നും തൃശൂർ മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നും വിഎസ് സുനിൽകുമാർ ആരോപിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും മേയർ പ്രവർത്തിച്ചതാണെന്ന് വി എസ് സുനിൽകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.