കോയമ്പത്തൂർ: ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വ്രതം ഇന്ന് തുടങ്ങി. അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ച് അദ്ദേഹം പ്രതിഷേധിച്ചു. ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ വാഗ്ദാനം ചെയ്തതനുസരിച്ചാണ് അണ്ണാമലൈ സ്വയം ആറ് തവണ ചാട്ടവാറടിച്ചത്. സംസ്ഥാനം ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കാര്യക്ഷമതയില്ലായ്മയ്ക്കുള്ള പ്രായശ്ചിത്തം ആയിരുന്നു ഈ സ്വയം ചാട്ടവാറടിയെന്ന് അദ്ദേഹം പറഞ്ഞു.
പച്ച മുണ്ട് ധരിച്ച്, ഷർട്ടില്ലാത്ത അണ്ണാമലൈ മാധ്യമപ്രവർത്തകരുടെയും ഭാരതീയ ജനതാ പാർട്ടി അംഗങ്ങളുടെയും സാന്നിധ്യത്തിൽ നീളമുള്ള, വെള്ള ചാട്ടകൊണ്ട് സ്വയം ചാട്ടയടിക്കുകയായിരുന്നു. നിങ്ങൾക്ക് നാണമില്ലേ സ്റ്റാലിൻ, കുറ്റാരോപിതനായ ജ്ഞാനശേഖരനെ തൂക്കിക്കൊല്ലുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. തടയാൻ അനുയായികൾ ഓടിയെത്തുന്നതിന് മുമ്പ് അണ്ണാമലൈ ആറു തവണ സ്വയം ചാട്ടയടിച്ചു.
തമിഴ് സംസ്‌കാരം മനസ്സിലാക്കുന്ന ആർക്കും ഈ ആചാരങ്ങൾ അറിയാമെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.” നമ്മെത്തന്നെ ചാട്ടകൊണ്ട് അടിക്കുക, സ്വയം ശിക്ഷിക്കുക, വളരെ കഠിനമായ ആചാരങ്ങളിലൂടെ നമ്മെത്തന്നെ ഉൾപ്പെടുത്തുക തുടങ്ങിയവയെല്ലാം ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന അനീതിക്കെതിരെയാണിത്. ഡിഎംകെയുടെ ഭരണപരമായ കെടുകാര്യസ്ഥത മൂലം സാധാരണക്കാരാണ് ഓരോ ദിവസവും ദുരിതത്തിലായത്” എന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHT: tn bjp chief annamalai whips himself