കൊച്ചു കുട്ടികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ഫ്രൂട്ടി അല്ലെങ്കിൽ മാസ അതുമല്ലെങ്കിൽ സ്ലൈസ് എന്നൊക്കെ പറയുന്നത്. പുറത്തു പോകുമ്പോൾ വഴക്കിട്ട് കരയുന്ന കുട്ടികൾക്ക് ഇതൊക്കെ വാങ്ങിക്കൊടുത്തേ മതിയാകൂ. എന്നാൽ പ്രിസർവേറ്റീവ്സ് ചേർക്കാത്ത ശുദ്ധമായ മാംഗോ ഫ്രൂട്ടി ഇനി മുതൽ വീട്ടിൽ ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ
1. പച്ചമാങ്ങാ – 1 എണ്ണം
2. പഴുത്ത മാങ്ങാ – 2 എണ്ണം(നാരില്ലാത്ത മാങ്ങാ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)
3. നാരങ്ങാനീര് – 1 നാരങ്ങായുടേത്
4. പഞ്ചസാര – 3/4 കപ്പ്
5. വെള്ളം – 3 1/2 കപ്പ് + 2 ടേബിൾസ്പൂൺ + 1/2 കപ്പ്
തയാറാക്കുന്ന വിധം
പച്ചമാങ്ങ 2 ടേബിൾസ്പൂൺ വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. പഴുത്ത മാങ്ങയും മിക്സിയിൽ അരച്ച് പൾപ്പ് എടുക്കുക. ചുവടു കട്ടിയുള്ള പാത്രത്തിലേക്ക് 2 പൾപ്പും, പഞ്ചസാരയും 1/2 കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചെറുതീയിൽ വച്ച് 5 മിനിറ്റ് വേവിച്ചെടുക്കുക. കൈ എടുക്കാതെ ഇളക്കി കൊടുക്കാൻ മറക്കരുത്. അതിലേക്ക് നാരങ്ങാനീര് ചേർത്ത് 1 മിനിറ്റ് കൂടി വേവിച്ചെടുക്കുക. സ്റ്റവ് ഓഫ് ചെയ്ത് ചൂട് ആറാനായി വയ്ക്കുക. നന്നായി തണുപ്പിച്ച 3 1/2 കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യുക.