പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്ക് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ അധ്യാപകർ ഹാജരായിരുന്നില്ല.
ഇനിയും ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. എംഎസ് സൊല്യൂഷന്‍സ് അപ്‍ലോഡ് ചെയ്ത ചോദ്യപേപ്പര്‍ പ്രവചന വീഡിയോകളുടെ വിശദാംശം തേടി അന്വേഷണ സംഘം യൂട്യൂബിന് മെയിൽ അയച്ചു. എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ് തേടിയത്.
എംഎസ് സൊല്യൂഷൻസ് സിഇഒ, എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് ഇതിനിടെ പുറത്തിറക്കിയിരുന്നു. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.