ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പൊലീസ് ആണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇൻസ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. പ്രൈവറ്റ് സന്ദേശം അയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഇയാൾ പോസ്റ്റ് ചെയ്തത്. സിനിമ തിയേറ്ററിൽ പോയി ഇയാൾ ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇൻസ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റാളുകളില്ലേക്ക് അയക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് അറിയാൻ സാധിച്ചതെന്ന് സിറ്റി സൈബർ പൊലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന പരാതിയുമായി ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പൊലീസിനെ സമീപിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും ഇദ്ദേഹം പൊലീസിന് കൈമാറിയിരുന്നു.