കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെന്ന കെ മുരളീധരൻ്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി പിന്തുണ എൽഡിഎഫിനാണെന്നും 2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലോ അഞ്ചോ സ്ഥാനാർഥികൾക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ കൊടുത്തുകാണുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ വെളിപ്പെടുത്തിയത്. തനിക്ക് പിന്തുണ ലഭിച്ചത് വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച അവസരത്തിലായിരുന്നുവെന്നും, അന്ന് ബി ജെ പിയുടെ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് 2019 മുതൽ ദേശീയാടിസ്ഥാനത്തിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും, അത് ദേശീയ തലത്തിലെടുത്ത തീരുമാനത്തിൻ്റെ ഭാഗമാണെന്നും പറഞ്ഞ മുരളീധരൻ, കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് വെൽഫെയർ പാർട്ടിയുടെ ദേശീയ നയമാണെന്നും പ്രതികരിച്ചു.