ക്രിസ്മസ് കേക്ക് വിവാദത്തിൽ മുൻ മന്ത്രി വി എസ് സുനിൽകുമാറിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.
ലോകസഭാ തെരഞ്ഞെടുപ്പിൽ ശ്രീ. സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും എന്റെ സുഹൃത്ത് ശ്രീ. വി. എസ് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു പുതിയ പ്രതികരണം കാണുമ്പോൾ. ഈ ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാന്‍ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല.
ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും. സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ.- കെ. സുരേന്ദ്രൻ വ്യക്തമാക്കി.
കെ. സുരേന്ദ്രൻ ക്രിസ്മസ് ദിവസം എം.കെ വർഗീസിന്റെ വീട്ടിലെത്തി കേക്ക് കൊടുത്തതാണ് വിവാദം. ഇതിന് പിന്നാലെ എം.കെ വർഗീസിനെ വിമർശിച്ചുകൊണ്ട് സുനിൽ കുമാർ രംഗത്ത് വന്നിരുന്നു.