Sports

സൂപ്പര്‍ ഓവറില്‍ കേരളത്തെ മറികടന്ന് ആന്ധ്ര; 12 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര ഒരു പന്ത് ബാക്കി നില്‍ക്കെ മറികടന്നു.

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തില്‍ കേരളത്തെ മറികടന്ന് ആന്ധ്ര. സൂപ്പര്‍ ഓവറിലായിരുന്നു ആന്ധ്രയുടെ വിജയം. നേരത്തെ 50 ഓവറില്‍ 213 റണ്‍സ് വീതം നേടി ഇരു ടീമുകളും തുല്യത പാലിച്ചതിനെ തുടര്‍ന്നായിരുന്നു മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. സൂപ്പര്‍ ഓവറില്‍ കേരളം ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര ഒരു പന്ത് ബാക്കി നില്‍ക്കെ മറികടന്നു.

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൗളര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പെ ക്യാപ്റ്റന്‍ ഹേമന്ത് റെഡ്ഡിയെ പുറത്താക്കി എം.നിഖിലാണ് കേരളത്തിന് ആദ്യ വഴിത്തിരിവൊരുക്കിയത്. സ്‌കോര്‍ 45ല്‍ നില്‍ക്കെ രേവന്ത് റെഡ്ഡിയെ അഖിനും പുറത്താക്കി. 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സായ് ശ്രാവണ്‍, തേജ, സുബ്രഹ്‌മണ്യം എന്നിവരെ പുറത്താക്കി അഭിജിത് പ്രവീണ്‍ ആന്ധ്രയെ സമ്മര്‍ദ്ദത്തിലാക്കി. മധ്യനിരയിലും വാലറ്റത്തുമായി പാണ്ഡുരംഗ രാജുവും, കെ എസ് രാജുവും, എസ് ഡി എന്‍ വി പ്രസാദും സാകേത് റാമും നടത്തിയ ചെറുത്തുനില്‍പാണ് ആന്ധ്രയുടെ സ്‌കോര്‍ 213ല്‍ എത്തിച്ചത്. എസ് ഡി എന്‍ വി പ്രസാദ് 44ഉം കെ എസ് രാജു 32ഉം പാണ്ഡുരംഗ രാജു 27ഉം സാകേത് രാം 28ഉം റണ്‍സെടുത്തു.കേരളത്തിന് വേണ്ടി അഭിജിത് പ്രവീണ്‍ നാല് വിക്കറ്റും, ജെറിന്‍ പി എസ് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരള ബാറ്റര്‍മാരില്‍ വരുണ്‍ നായനാരും ഗോവിന്ദ് ദേവ് പൈയും നിഖിലും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. വരുണ്‍ 87ഉം, ഗോവിന്ദ് 45ഉം, നിഖില്‍ 27ഉം റണ്‍സെടുത്തു. 50 ഓവറില്‍ 213 റണ്‍സിന് കേരളം ഓള്‍ ഔട്ടായി. തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് അഞ്ച് പന്തില്‍ രണ്ട് സിക്‌സടക്കം 14 റണ്‍സുമായി പുറത്താകാതെ നിന്ന എസ് ഡി എന്‍ വി പ്രസാദാണ് വിജയമൊരുക്കിയത്.