തിരുവനന്തപുരം: അനധികൃതായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ 74 പേർക്കെതിരെ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ്. ഗസറ്റഡ് ഉദ്യോഗസ്ഥയായ വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വകുപ്പ് സസ്പെൻഷൻ നടപടിയിലേക്കു കടക്കുന്നത്. ഇവർ കൈപ്പറ്റിയ തുക ഉടൻ തിരികെ ഇൗടാക്കണമെന്നും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കു സർക്കാർ നിർദേശം നൽകി.
ഇതു പ്രാബല്യത്തിലാകുന്നതോടെ ക്ഷേമ പെൻഷൻ വിഷയത്തിൽ വിവിധ വകുപ്പുകളിലായി നടപടിക്കു വിധേയരാകുന്നവരുടെ എണ്ണം 116 ആകും. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാരിൽ പാർട്‌ടൈം സ്വീപ്പർമാരും അറ്റൻഡർമാരുമാണ് അധികവും. പലിശ ഉൾപ്പെടെ 24,97,116 രൂപയാണ് ഇവരിൽനിന്നു തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പിൽ പാർട്‌ടൈം സ്വീപ്പർ, ക്ലീനർ, ക്ലാർക്ക് തസ്തികകളിലെ 4 ജീവനക്കാരെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി 1,458 സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിരുന്നു.