ഡല്‍ഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരകത്തിന് സ്ഥലം വിട്ടു നൽകാത്തതിൽ വിവാദം കനക്കുന്നതിനിടെ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡൽഹിലെ നിഗംബോധ്ഘട്ടിലാണ് ഇന്ന് മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക.
നിലവിൽ ഡൽഹി മോത്തിലാൽ നെഹ്റു മാർഗിലെ വസതിയിലുള്ള സിങിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതൽ 9.30 വരെയാണ് ഐഐസിസിയിൽ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോൾ നടത്തുന്ന വിവാദം അനാവശ്യമാണെന്നും യുപിഎ സർക്കാരിന്റെ കാലത്താണ് സ്മാരകങ്ങള്‍ക്ക് സ്ഥലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രത്തിന്റെ വിശദീകരണം.
രാഷ്ട്രപതി ദൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ ഇന്നലെ അന്ത്യോപചാരം അർപ്പിച്ചിരുന്നു. മൻ മോഹൻ സിംഗിനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.