ജറുസലം: രോഗികളെയും ജീവനക്കാരെയും ബലമായി ഒഴിപ്പിച്ച ശേഷം ഇസ്രയേൽ സൈന്യം വടക്കൻ ഗാസയിലെ ആശുപത്രി തകർക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തു. ദ് കമാൽ അഡ്വൻ ഹോസ്പിറ്റലാണ് തകർത്തത്. കഴിഞ്ഞ 3 മാസത്തിനിടെ നിരവധി തവണ ഈ ആശുപത്രിക്കു നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. അതേസമയം ഈ ആശുപത്രി ഹമാസിന്റെ താവളം ആയിരുന്നുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ആശുപത്രി അധികൃതർ ഈ ആരോപണം നിഷേധിച്ചു. യെമനിലെ സന വിമാനത്താവളത്തിനു നേരെ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഹൂതി വിമതർ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തി. അതേസമയം, മുകളിൽ വച്ചുതന്നെ മിസൈലുകൾ തകർത്തതായി ഇസ്രയേൽ വ്യക്തമാക്കി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടതായി വിമതർ വ്യക്തമാക്കി.