Food

കടയിലെ അതെ സ്വാദിൽ ചിക്കന്‍ കൊത്തുപൊറോട്ട ഇനി വീട്ടിലും തയ്യാറാക്കാം | CHICKEN KOTHUPOROTTA

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചിക്കന്‍ കൊത്തു പൊറോട്ട ഇനി വീട്ടിലും തയ്യാറാക്കാം, അതും ഹോട്ടൽ രുചിയിൽ തന്നെ. എങ്ങനെയെന്നല്ലേ, വരൂ നോക്കാം.

ആവശ്യമായ ചേരുവകൾ

  • പൊറോട്ട- അഞ്ചെണ്ണം
  • സവാള- രണ്ടെണ്ണം
  • പച്ചമുളക്- അഞ്ചെണ്ണം
  • തക്കാളി- രണ്ടെണ്ണം
  • കുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
  • മുട്ട- മൂന്നെണ്ണം
  • ചിക്കന്‍- ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചുടച്ചത്- കാല്‍കിലോ
  • ഉപ്പ്- പാകത്തിന്
  • എണ്ണ- പാകത്തിന്
  • കറിവേപ്പില- മൂന്ന് തണ്ട്
  • മല്ലിയില- ഒരു പിടി

തയ്യാറാക്കുന്ന വിധം

പൊറോട്ട ചെറുതായി മുറിച്ചെടുക്കണം. പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് മുറിച്ച് വെച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അതേ ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം.

നന്നായി വഴറ്റിക്കഴിയുമ്പോള്‍ ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. ശേഷം മുട്ടയും തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കാം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ ആയി വരുമ്പോള്‍ ഇതിലേക്ക് മൊരിയിച്ച് വെച്ചിരിക്കുന്ന പൊറോട്ട കൂടി ചേര്‍ക്കാം. സ്വാദിനായി അല്‍പം മല്ലിയില കൂടി ചേര്‍ക്കാം. ചൂടോട് കൂടി തന്നെ നല്ല ചിക്കന്‍ കൊത്തു പൊറോട്ട കഴിക്കാവുന്നതാണ്.