Kerala

‘സുരേന്ദ്രൻ എന്റെ വീട്ടിൽ വന്നത് സൗഹൃദ സന്ദർശനം മാത്രം; ഇന്നലെ പറഞ്ഞത് അവിടം കൊണ്ട് അവസാനിപ്പിക്കുന്നു’; കേക്ക് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വി. എസ് സുനിൽ കുമാർ | v s sunil kumar cake controversy

പരസ്പരം വീടുകളിൽ പോയത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുനിൽകുമാർ

തൃശൂർ: തൃശൂരിലെ കേക്ക് വിവാദത്തിൽ നിലപാട് മയപ്പെടുത്തി സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. എംകെ വർ​ഗീസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ പറഞ്ഞത് കഴിഞ്ഞു. അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി. സുരേന്ദ്രന്റേത് രാഷ്ട്രീയ പ്രസ്താവനയാണ്. സൗഹൃദ സന്ദർശന‌മാണ് സുരേന്ദ്രനും താനും നടത്തിയത്. മേയർക്കെതിരെ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സുരേന്ദ്രൻ തന്നെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് സൗഹൃദ കൂടിക്കാഴ്ചയാണെന്ന്.

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരമാണ്. അത് തുടരട്ടെ. ഭവന സന്ദർശന വിവാദം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. പരസ്പരം വീടുകളിൽ പോയത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.

ക്രിസ്തുമസ് ദിനത്തിൽ സ്നേഹസന്ദേശയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മേയർ എം കെ വർഗീസിനെ വീട്ടിലെത്തി കേക്ക് കൈമാറിയതിലാണ് ഇപ്പോഴത്തെ വിവാദം. കേക്ക് കൈമാറ്റം യാദൃശ്ചികമല്ലെന്നും മുന്നണി രാഷ്ട്രീയത്തോടാണ് കൂറ് പുലർത്തേണ്ടതെന്നും വി എസ് സുനിൽകുമാർ പറഞ്ഞിരുന്നു.

രാഷ്ട്രീയ വിവാദം സൃഷ്ടിക്കുക എന്നതാണ് സുരേന്ദ്രന്റെ സന്ദർശനത്തിന് പിന്നിലെന്നും ആ രാഷ്ട്രീയ തന്ത്രം സുനിൽകുമാറിന് മനസിലാകാതെ പോയി എന്ന വിമർശനവുമാണ് സിപിഐഎമ്മിനുള്ളത്.

ഒരു രാഷ്ട്രീയ നേതാവ് വീട്ടിൽ വരുന്നതിൽ ഒന്നും ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് സിപിഐ കൗൺസിലർ ഐ സതീഷ് കുമാർ സുനിൽകുമാർ തള്ളി. സുനിൽകുമാറിന്റെ പ്രസ്താവനയിൽ എൽഡിഎഫിൽ കടുത്ത അതൃപ്തിയാണുള്ളത്.

CONTENT HIGHLIGHT: v s sunil kumar cake controversy