കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് വിധിക്ക് പിന്നാലെ സർക്കാരിനെതിരെ അടക്കം വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. സിപിഎമ്മിൻ്റെ ആറ് നേതാക്കളടക്കം 14 പേർ ആണ് കേസിലെ കുറ്റക്കാർ. കേസ് തേച്ചുമാച്ച് കളയാൻ സർക്കാർ പരമാവധി ശ്രമം നടത്തിയെന്ന് മേശ് ചെന്നിത്തല പ്രതികരിച്ചു. വിധിയിൽ തൃപ്തരല്ലെന്നും പ്രതികളെ വെറുതെവിട്ടതിനെതിരെ കുടുംബങ്ങളുമായി ആലോചിച്ച് കേസുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയിൽ എത്തിയതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. സിപിഎം നടത്തിയ നിഷ്‌ഠൂരമായി നടത്തിയ കൊലപാതകമാണ് പെരിയയിലേത്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
സിപിഎം പാർട്ടി നേതാക്കൾ ഉൾപ്പെട്ടതിന്റെ തെളിവാണ് വിധിയെന്ന് ദില്ലിയിൽ പ്രതികരിച്ച ഷാഫി പറമ്പിൽ എംപി പറഞ്ഞു. സിപിഎമ്മിന് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. സംഘർഷത്തിനിടയിൽ ഉണ്ടായ കൊലപാതകമല്ല പെരിയയിലേത്. പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ നികുതി പണം ഉൾപ്പെടെ എടുത്താണ് സർക്കാർ സിബിഐ അന്വേഷണം ഒഴിവാക്കാൻ വാദിച്ചതെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.
പെരിയ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎമ്മിൻ്റെ ഉന്നത നേതൃത്വമാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് ടി സിദ്ധിഖ് എംഎൽഎ പ്രതികരിച്ചു. കുറ്റക്കാർക്ക് അർഹമായ ശിക്ഷ കിട്ടുമെന്ന് കരുതുന്നു. ഇല്ലെങ്കിൽ ഭാവി നടപടി പാർട്ടി ആലോചിച്ച് തീരുമാനിക്കും. സിപിഎം ആണ് പ്രതികൾക്ക് അഭയം നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. വെറുതെവിട്ടവർക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഇനിയെങ്കിലും സിപിഎം ഏറ്റെടുക്കണം. പൊതു ഖജനാവിൽ നിന്ന് രണ്ട് കോടി രൂപ സർക്കാർ പ്രതികളെ രക്ഷിക്കാൻ ചിലവഴിച്ചു. കൊല്ലപ്പെട്ട അമ്മമാരുടെ കണ്ണീരിനു മുകളിലല്ല സുപ്രീം കോടതിയിൽ നിന്ന് എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം. അഡ്വ സികെ ശ്രീധരൻ കഴിക്കുന്ന ചോറിൽ കൃപേഷിൻ്റെയും ശരത് ലാലിന്റെയും ചോരയുണ്ടെന്നും രാഹുൽ വിമർശിച്ചു.
കേസിൽ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനടക്കം ആറ് പ്രധാന നേതാക്കൾ ഉൾപ്പടെ 14 പ്രതികളെയാണ് സിബിഐ കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 10 പ്രതികളെ വെറുതെവിടുകയും ചെയ്‌തു. കേസിൽ കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.
CONTENT HIGHLIGHT: congress leaders about periya case verdict