വിചിത്രമായ പല നിയമങ്ങളും പല കമ്പനികളിലും നിലനിൽക്കുന്നുണ്ട്. അതൊക്കെ പാലിച്ചായിരിക്കും അവിടെയുള്ള ജീവനക്കാർ അവിടെ ജോലി ചെയ്യുന്നത്. എന്നാൽ അവയിൽ ഒന്ന് തെറ്റിച്ചതിന് കമ്പനി പുറത്താക്കിയതിനെതിരെ കോടതി നടപടിയുമായി മുന്നോട്ടു പോയി നഷ്ടപരിഹാരം നേടിയെടുത്ത ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്പോർട്സ് ഷൂ ധരിച്ചു ഓഫീസിൽ എത്തിയതിന് ജീവനക്കാരിയെ പുറത്താക്കിയതിന് കമ്പനി നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 30,000 പൗണ്ട് അതായത് 32, 20, 818 രൂപയാണ്.
യു.കെയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്ന എലിസബത്ത് ബെനാസ്സി ജോലിക്കെത്തിയിരുന്നത് സ്പോർട്ട്സ് ഷൂ ധരിച്ചായിരുന്നു. ജോലിക്ക് പ്രവേശിക്കുമ്പോള്‍ 18 വയസ്സുണ്ടായിരുന്ന എലിസബത്ത് സ്ഥാപനത്തിലെ ഡ്രസ് കോഡിനെ പറ്റി അറിയാതെ ഇട്ടുവന്നിരുന്ന ഷൂവിന്റെ പേരില്‍ മൂന്നുമാസത്തിനുശേഷം അവരെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ജീവനക്കാരി നൽകിയ പരാതിയിൽ, കമ്പനിയിൽ നിന്ന് ഏകദേശം 30,000 പൗണ്ട് (32, 20, 818 രൂപ) പിഴ ഈടാക്കിയിരിക്കുകയാണ് ക്രോയിഡോണ്‍ ട്രിബ്യൂണ്‍ കോടതി.
എന്നാല്‍ ഇത്തരത്തിൽ ഡ്രസ് കോഡിൽ നിന്ന് വിഭിന്നമായ പാദരക്ഷൾ ധരിച്ചെത്തിയിരുന്ന മറ്റ് ജീവനക്കാരെ കമ്പനി മുൻപ് പുറത്താക്കിയിട്ടില്ലെന്നതാണ് കഥയിലെ ട്വിസ്റ്റ്. 2022 ഓഗസ്റ്റില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ 18 വയസ്സായിരുന്നു എലിസബത്തിൻ്റെ പ്രായം. തന്നെ മാനേജര്‍ പലപ്പോഴും കുട്ടിയായാണ് കണ്ടിരുന്നതെന്നും തന്റെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. എലിസബത്തിനെ ലക്ഷ്യം വെച്ച് കമ്പനി കുറ്റം കണ്ടെത്തിയിരുന്നതായി കോടതി വിലയിരുത്തിയിട്ടുണ്ട്.
‘സ്‌പോര്‍ട്ട്‌സ് ഷൂ ധരിച്ച് ഓഫീസിലെത്തുന്നത് ഞാന്‍ മാത്രമല്ലെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ മറ്റാരും ഞാന്‍ നേരിട്ടിട്ടുള്ളതു പോലുള്ള ചോദ്യം ചെയ്യല്‍ നേരിട്ടിട്ടില്ല’. മുതിര്‍ന്ന ഉദ്യോഗസ്ഥന് എലിസബത്തയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഫീസില്‍ വസ്ത്രധാരണം പിന്തുടര്‍ന്നില്ല എന്നതായിരുന്നു ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസത്തിനപ്പുറം ജീവനക്കാരിയെ പുറത്താക്കിയതിന് കമ്പനി നല്‍കിയ വിശദീകരണം. എന്നാല്‍ പ്രായത്തിന്റെ പേരില്‍ തന്നെ ശിക്ഷിക്കുകയായിരുന്നെന്നാണ് എലിസബത്ത് കമ്പനിക്കെതിരെ പരാതി നൽകിയത്.
CONTENT HIGHLIGHT: company paid a compensation of 32 lakh