Kerala

പെരിയ ഇരട്ട കൊലക്കേസ്; കുടുംബപ്രാരാബ്ധങ്ങൾ പറഞ്ഞ് പറഞ്ഞും ശിക്ഷയിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് പ്രതികൾ; തൂക്കിക്കൊല്ലാൻ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചാം പ്രതി | periya case 15th accused

തനിക്ക് വധശിക്ഷ വിധിക്കണം എന്നാണ് ഇയാൾ കോടതിയോട് ആവശ്യപ്പെട്ടത്

കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയ വിധി മണിക്കൂറുകൾക്കു മുൻപാണ് വന്നത്. ഇതോടെ കുടുംബപ്രാരാബ്ധങ്ങൾ പറഞ്ഞും ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികളും രംഗത്തെത്തി. എന്നാൽ ഇതിന് വിപരീതം ആയിട്ടായിരുന്നു കേസിലെ പതിനഞ്ചാം പ്രതിയായ വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രൻ സംസാരിച്ചത്. തനിക്ക് വധശിക്ഷ വിധിക്കണം എന്നാണ് ഇയാൾ കോടതിയോട് ആവശ്യപ്പെട്ടത്. കരഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകത്തിൽ പങ്കില്ലെന്നും തനിക്ക് ജീവിക്കേണ്ടെന്നും ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും തൂക്കിക്കൊല്ലാൻ വിധിക്കണം എന്നും ഇയാൾ കോടതിയിൽ പറഞ്ഞു.

പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളും ഉണ്ടെന്നാണും ശിക്ഷയിൽ ഇളവ് വേണമെന്നും ഏറെ നാളായി ജയിലിലാണെന്നുമാണ് മറ്റു പ്രതികള്‍ ആവശ്യപ്പെട്ടത്. പതിനെട്ടാം വയസിൽ ജയിലിൽ കയറിയതാണെന്നും പട്ടാളക്കാരാൻ ആകാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഏഴാം പ്രതി അശ്വിൻ പറഞ്ഞു. വീട്ടുകാരെ ആറ് വര്‍ഷമായി കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അമ്മ രോഗാവസ്ഥയിലാണെന്നും എട്ടാം പ്രതി പറഞ്ഞു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികള്‍ക്കും പറയാനുള്ളത് കേട്ടശേഷമാണ് ശിക്ഷാവിധി ജനുവരി മൂന്നിന് പ്രഖ്യാപിക്കുമെന്ന് കോടതി ഉത്തരവിട്ടത്. പെരിയ ഇരട്ടക്കൊലക്കേസിലെ 24 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും കൊലപാതകവും തെളിഞ്ഞു. മറ്റു പത്തു പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.

കേസിൽ 15ാം പ്രതിയായ വിഷ്ണു സുര എന്ന എ സുരേന്ദ്രനെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ, ഗൂഡാലോചന തെളിഞ്ഞതിനാൽ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികള്‍ക്കുമേൽ തെളിഞ്ഞ എല്ലാ കുറ്റങ്ങളും അടക്കം ചുമത്തിയിട്ടുണ്ട്.എട്ടാം പ്രതിയായ സുബീഷിനെതിരെ കൊലക്കുറ്റം, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, ഐപിസി 148. മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, ഐപിസി 341 തടഞ്ഞു നിർത്തൽ, ഐപിസി 120 B ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് തെളിഞ്ഞിട്ടുള്ളത്.

ഏഴാം പ്രതിയായ അശ്വിനെതിരെ കൊലക്കുറ്റം, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തെളിവ് നശിപ്പിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം,തടഞ്ഞു നിർത്തൽ ,ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. കേസിലെ പ്രതിപട്ടികയിലുള്ള ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, പത്ത്,14,15, 20,21,22 എന്നീ 14 പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ഒമ്പത്, 11,12,13,16,17,18,19,23,24 എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.

CONTENT HIGHLIGHT: periya case 15th accused news