Kerala

അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ട വിധിക്ക് എതിരെ സർക്കാർ പോരാടിയത് സുപ്രീം കോടതി വരെ; നടത്തിപ്പിനായി ചിലവാക്കിയത് ഒരു കോടിയിലധികം | kerala govt spend one crore periya case

ഹാജരായ മൂന്ന് അഭിഭാഷകർക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നൽകിയത്

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിയമ പോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ ചെലവിട്ടത് ഒരു കോടിയിലധികം രൂപ. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ചാണു സിബിഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടം ആണ് സുപ്രീം കോടതി വരെ നീണ്ടത്.

വിവിധ ഘട്ടങ്ങളിൽ സർക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകർക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നൽകിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളിൽ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാൻഡിങ് കൗൺസലിനെ കൂടാതെ മറ്റൊരു സീനിയർ അഭിഭാഷകനും സുപ്രീം കോടതിയിൽ ഹാജരായി. ഈ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.

പെരിയ ഇരട്ട കൊലകേസ് വിധി നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊലപാതകം ചെയ്തതും ചെയ്യിച്ചതും എല്ലാം ചെയ്തത് സി.പി.എമ്മാണ്. പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനു വേണ്ടി ചിലവഴിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശക്തമായ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയം എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്. കൊല നടത്തിയ ശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണം എന്ന് തീരുമാനിച്ചതടക്കം എല്ലാത്തിനും പിന്നിൽ സി.പി.എമ്മാണ്. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണ്. ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നത് എന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബവും കോൺഗ്രസ് പാർട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാർമിക വിജയമാണിത്. കേസ് നടത്തുന്നതിന് വേണ്ടി ചെലവഴിച്ച പണം സർക്കാരിലേക്ക് തിരികെ അടയ്ക്കാൻ സിപിഎം തയ്യാറാവണം. കുടുംബത്തോട് പാർട്ടി സെക്രട്ടറിയും പാർട്ടിയും ക്ഷമാപണം നടത്തണം. ഭരണകൂടം അപ്പീൽ പോകുമെന്ന് പറഞ്ഞാൽ ഏതു കുറ്റം ചെയ്തവനെയും സംരക്ഷിക്കും എന്ന നയത്തിന്റെ ഭാഗമാണെന്ന് മനസിലാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് 2019 സെപ്റ്റംബറിൽ അന്വേഷണം സിബിഐക്ക് വിട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. അപ്പീൽ തള്ളിയതോടെ സിബിഐ അന്വേഷണത്തെ എതിർത്തു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തി. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ തടസഹർജിയും നൽ‌കി. സംസ്ഥാന സർക്കാരിന്റെ അപ്പീൽ 2019 ഡിസംബർ ഒന്നിന് സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബർ മൂന്നിന് സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.