തിരുവനന്തപുരം: ഇ.പി ജയരാജൻ്റെ പേരിലുള്ള പുസ്തക വിവാദത്തിന്‍റെ ഉള്ളടക്കം ചോർന്നത് ഡിസി ബുക്സിൽ നിന്നും തന്നെയെന്ന് പൊലീസ് റിപ്പോർട്ട്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കോട്ടയം എസ് പി ഡിജിപിക്ക് സമർപ്പിച്ചു. പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറാണ് ഉള്ളടക്കം ചോർത്തി നൽകിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പൊലീസിന് നേരിട്ട് കേസ് എടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
തൻ്റെ പേരിലുള്ള പുസ്തകത്തിലെ വിവരങ്ങൾ പുറത്തായതിനു പിന്നാലെ ഇപി ജയരാജൻ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കോട്ടയം എസ്‍പി സമർപ്പിച്ച ആദ്യ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപി തള്ളി. തുടർന്ന് സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിലാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം ഡിസിയിൽ നിന്നും തന്നെയാണ് ചോർന്നതെന്ന ഗൗരവതരമായ കണ്ടെത്തൽ. ഡിസി ബുക്സ് നടപടിയെടുത്ത പബ്ലിക്കേഷൻസ് വിഭാഗം മാനേജർ ശ്രീകുമാറാണ് ഉള്ളടക്കം പുറത്തുവിട്ടത്. എന്നാൽ പകർപ്പാവകാശ നിയമം അടക്കം ബാധകമായ കേസിൽ നേരിട്ട് കേസെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം വിവാദം കനക്കുന്നിതിനിടെ ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് ഇ പി ജയരാജൻ അറിയിച്ചിരുന്നു. പാർട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും പുസ്തകത്തിൻ്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇ പി അറിയിച്ചത്. നിലവിൽ പുറത്ത് വന്ന ഭാഗങ്ങൾക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇ പി വ്യക്തമാക്കി. കട്ടൻ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിനെന്നും ഇപി പറഞ്ഞു. ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. നേരത്തെ ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്ത് വന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണസംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
CONTENT HIGHLIGHT: ep jayarajan’s autobiography leaked from dc claims police report submitted