ക്രിസ്തുമസ് പുലരിയില്‍ ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു, “സ്‌നിഗ്ദ്ധ”. വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റ പേരിനായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2,400ലധികം പേര്‍, മാധ്യമ പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്‍ത്ഥ ഗംഭീരമായിരുന്നു. ഇതില്‍ ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില… അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്‍… അതുകൊണ്ടാണ് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്‍ തീരുമാനിച്ചത്.
ശിശുക്ഷേമ സമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ശ്രീ. ജി.എല്‍. അരുണ്‍ഗോപി ഒപ്പമുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. ഇന്ന് നിര്‍ദേശിച്ച മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുന്ന മറ്റ് കുഞ്ഞുങ്ങള്‍ക്ക് ഇടുന്നതാണെന്ന് മന്ത്രി പറഞ്ഞു.ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. കുഞ്ഞുങ്ങളുടെ കരുതലിനും സംരക്ഷണത്തിനും സ്‌നേഹത്തിനും ശിശുക്ഷേമ സമിതിയെ മന്ത്രി അഭിനന്ദിച്ചു. പേരുകള്‍ നിര്‍ദേശിച്ച എല്ലാവര്‍ക്കും നന്ദി മന്ത്രി അറിയിച്ചു.
CONTENT HIGHLIGHTS; The baby was named…The baby found in the mother’s cradle on Christmas day was named ‘Snigdha’: The naming ceremony was done by drawing lots.