തിരുവനന്തപുരം: അഴിമതി ആരോപിച്ച് എ ഡി എം നവീന്‍ ബാബുവിനെതിരെ ടിവി പ്രശാന്തന്‍ പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ടി വി പ്രശാന്തന്‍ എന്ന പേരില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.
പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. പണം നല്‍കിയില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നവീന്‍ ബാബു ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ നല്‍കിയെന്നും പ്രശാന്തന്‍ പറഞ്ഞിരുന്നു. ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു പ്രശാന്തന്റെ പ്രതികരണം.
ഇതിന് പിന്നാലെ പ്രശാന്തന്‍ പരാതി നല്‍കിയെന്നും ഇല്ലെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രശാന്തന്റെ പരാതിയിലെ ഒപ്പ് വ്യാജമാണെന്നും പ്രശാന്തന്റെ പേരില്‍ തന്നെ വൈരുദ്ധ്യമുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയെന്ന ആരോപണത്തില്‍ പ്രശാന്തന്‍ ഉറച്ചു നിന്നു. നവീന്‍ ബാബു മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, ഒക്ടോബര്‍ പത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് വിളിപ്പിച്ചിരുന്നുവെന്നും പ്രശാന്തന്‍ പറഞ്ഞിരുന്നു. ഈ വാദങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയിലൂടെ പൊളിയുന്നത്.
CONTENT HIGHLIGHT: tv prashanthan has not filed a complaint against naveen babu