മലപ്പുറം തവനൂര്‍ കാര്‍ഷിക കോളേജിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയായ മൃണാളിനിയെ (24) സെപ്റ്റിക് ഷോക്ക് എന്ന അതീവ ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷിച്ചെടുത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രി. ജലാംശം അമിതമായി നഷ്ടപെട്ട് വൃക്കകളുടേയും കരളിന്റേയും പ്രവര്‍ത്തനം താറുമാറാകുകയും രക്തത്തില്‍ അണുബാധ ഉണ്ടാകുകയും ഷോക്കിലേക്ക് പോകുകയും ചെയ്തിരുന്നു. ആ അവസ്ഥയില്‍ നിന്നാണ് ഒരാഴ്ചത്തെ തീവ്ര പരിചരണവും കരുതലും നല്‍കി മൃണാളിനിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
ഒരാഴ്ച മുമ്പാണ് പനിയും വയറിളക്കവുമായി അവശ നിലയില്‍ മൃണാളിനിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ രക്തത്തിലെ കൗണ്ടിന്റെ അളവില്‍ വ്യത്യാസം കണ്ടതിനാല്‍ അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ മൃണാളിനിയുടെ ബന്ധുക്കള്‍ കുട്ടിയെ സ്വദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ട് പോയി ചികിത്സിച്ചോളാം എന്ന് നിര്‍ബന്ധം പിടിച്ചു. ഈ അവസ്ഥയില്‍ യാത്ര അപകടകാരമാണെന്നും രണ്ടു ദിവസം ഐസിയുവില്‍ കിടത്തി വിദഗ്ധ ചികിത്സ നല്‍കി ആരോഗ്യനില മെച്ചപ്പെട്ട ശേഷം പോകാമെന്നും ഡോക്ടര്‍ അറിയിച്ചു. രോഗാവസ്ഥ തിരിച്ചറിഞ്ഞ ബന്ധുക്കള്‍ അതോടെ സമ്മതമറിയിച്ചു. അങ്ങനെ മൃണാളിനിയെ ഐസിയുവില്‍ അഡ്മിറ്റാക്കി.
ആദ്യത്തെ രക്ത പരിശോധനാ ഫലം വന്നപ്പോള്‍ തന്നെ രോഗി ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യമായി. ജലാംശം അമിതമായി നഷ്ട്ടപെട്ടിട്ടുണ്ട്. കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്. കൂടാതെ രക്തത്തില്‍ അണുബാധയുണ്ടായി സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലും. ഉടന്‍ തന്നെ മുഴുവന്‍ ടീമും സജ്ജമായി രോഗിയെ 24 മണിക്കൂറും ഐസിയുവില്‍ നിരീക്ഷണത്തിലാക്കി വിദഗ്ധ ചികിത്സ ഉറപ്പാക്കി. പക്ഷെ, പിറ്റേ ദിവസം വീണ്ടും കൗണ്ട് കുറയുകയും രക്തത്തിന്റെ അളവ് ക്രമാതീതമായി താഴുകയും ചെയ്തു. രോഗിക്ക് അടിയന്തരമായി രക്തം നല്‍കുകയും രക്തത്തിലെ മറ്റു ഘടകങ്ങള്‍ ശരിയാകാനുള്ള ചികിത്സ നല്‍കുകയും ചെയ്തു.
കുറഞ്ഞ സമയം കൊണ്ട് എല്ലാവരുടേയും സ്വന്തമായ മൃണാളിനിയുടെ ആരോഗ്യനില പതുക്കെ പതുക്കെ മെച്ചപ്പെടാന്‍ തുടങ്ങി. അതിനിടെ രോഗിയെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വീണ്ടും നിര്‍ബന്ധിച്ചു. എന്നാല്‍ ഡോക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഒരു ദിവസം കൂടി നീട്ടി കിട്ടി. പിന്നെ അവിടെ അവിടെ നടന്നത് ഒരു ടീം വര്‍ക്കാണ്. ഡ്യൂട്ടി സമയം പോലും നോക്കാതെ ഡോക്ടര്‍, ഐസിയു സ്റ്റാഫ്, ലാബ് സ്റ്റാഫ്, ഫാര്‍മസി സ്റ്റാഫ് തുടങ്ങി സകലരും മൃനാളിനിക്കായി അഹോരാത്രം പ്രയത്നിച്ച് തീവ്ര പരിചരണം നല്‍കി. മൃണാളിനിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രക്തത്തിലെ കൗണ്ട് സാധാരണ നിലയില്‍ എത്തുകയും ചെയ്തു. കരളിന്റേയും വൃക്കകളുടേയും പ്രവര്‍ത്തനവും നേരെയായി.
രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാവുന്ന അവസ്ഥയിലായി. ഇതോടെ മൃണാളിനിയ്ക്കും ബന്ധുക്കള്‍ക്കും സന്തോഷമായി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സയാണ് സൗജന്യമായി ലഭ്യമാക്കിയത്. ഭാഷ പോലും വശമില്ലാതിരുന്നിട്ടും വേണ്ട കരുതലൊരുക്കി തങ്ങളുടെ കുട്ടിയെ രക്ഷിച്ചെടുത്ത ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് മഹാരാഷ്ട്രയിലേക്ക് യാത്രയാകുമ്പോള്‍ അവരുടെ കണ്ണുകള്‍ നനയുണ്ടായിരുന്നു.
ഈ സര്‍ക്കാരിന്റെ കാലത്താണ് ഐസിയു ഉള്‍പ്പെടെയുള്ള തീവ്ര പരിചരണ സംവിധാനങ്ങള്‍ ഇവിടെ സജ്ജമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.ആര്‍. സജിയുടെ ഏകോപനത്തില്‍ ഫിസിഷ്യന്‍ ഡോ. ഷമീല്‍ കെ.എം., സുഹൈല്‍, ഹെഡ് നഴ്സ് രജിത, നഴ്സിംഗ് ഓഫീസര്‍മാരായ അജീഷ്, റാണി, സൂര്യ, നിത്യ, ലയന, ലിസമോള്‍, നഴ്സിംഗ് അസിസ്റ്റന്റുമാരായ മുഹമ്മദ്, പ്രിയ എന്നിവരാണ് ചികിത്സയും പരിചരണവുമൊരുക്കിയത്.
CONTENT HIGH LIGHTS; Mrinalini, who had a rare disease called septic shock, was saved by the care of the Kuttipuram Taluk Hospital: Ph.D. The student thanked her and happily returned to Maharashtra