കൊച്ചി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിൻ്റെ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍, ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ പോലെ ഒരാള്‍ വന്ന് ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത് അനാദരവും അനൗചിത്യവുമാണെന്ന് സതീശൻ പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടി മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കണമെന്നും വിമാനത്താവളം എംഡിയോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നതാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനാദരവ് ഉണ്ടായതില്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നെന്നും സതീശൻ പറഞ്ഞു.
CONTENT HIGHLIGHT: cm hotel inauguration amid cremation of manmohan singh